Wednesday, July 4, 2012

'ശാസ്‌ത്രം ജയിച്ചു: 'ദൈവകണം' 99.99 % സത്യം!

 



ജനീവ: ഇന്ത്യക്കാരന്‍ സത്യേന്ദ്രനാഥ്‌ ബോസും ബ്രിട്ടീഷുകാരന്‍ പീറ്റര്‍ ഹിഗ്‌സും അവതരിപ്പിച്ച 'ദൈവകണ'(ഹിഗ്‌സ് ബോസോണ്‍)ത്തിന്‌ ശാസ്‌ത്രലോകത്തിന്റെ അംഗീകാരം. ഹിഗ്‌സ് ബോസോണിന്റെ നിലനില്‍പ്പു സംബന്ധിച്ച്‌ 99.99% തെളിവു ലഭിച്ചതായി യൂറോപ്യന്‍ ആണവോര്‍ജ ഏജന്‍സി(സേണ്‍)യുടെ ഗവേഷണശാലയില്‍ പരീക്ഷണത്തിനു നേതൃത്വം നല്‍കിയ രണ്ടു ശാസ്‌ത്രസംഘങ്ങള്‍ അറിയിച്ചു.

ഹിഗ്‌സ് ബോസോണിന്റെ നിലനില്‍പ്പു സംബന്ധിച്ച ഗവേഷണഫലത്തിനു 99.99997% കൃത്യതയുണ്ടെന്നാണ്‌ കലിഫോര്‍ണിയ സാന്താ ബാര്‍ബറ സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞന്‍ ജോയ്‌ ഇന്‍കാന്‍ഡേലയുടെ ഉറപ്പ്‌. 4.9 സിഗ്മ സ്‌റ്റാന്‍ഡേഡ്‌ വ്യതിയാനം ഫലങ്ങളില്‍ ഉണ്ടാകാം. നൊബേല്‍ ജേതാവ്‌ ലിയോണ്‍ എം. ലെഡര്‍മാനാണ്‌ ഹിഗ്‌സ് ബോസോണ്‍ ഗവേഷണങ്ങളിലേക്കു ലോകശ്രദ്ധ ക്ഷണിച്ചത്‌. അദ്ദേഹം ഉപയോഗിച്ച 'ദൈവകണ'മെന്ന പദവും പ്രചുരപ്രചാരം നേടി. ഏറെ രഹസ്യങ്ങള്‍ അടങ്ങിയ ഭൗതികശാസ്‌ത്രഘടകമെന്ന നിലയിലാണ്‌ അദ്ദേഹം 'ദൈവകണ'മെന്നു വിശേഷിപ്പിച്ചത്‌. ഈ കണം പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള മനുഷ്യരുടെ അന്വേഷണത്തിനു മറുപടിയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ.


ആറ്റത്തിലെ പ്രോട്ടോണിനേക്കാള്‍ 130 ഇരട്ടി പിണ്ഡം ഹിഗ്‌സ് ബോസോണിനുണ്ടെന്നാണു കണക്കാക്കുന്നത്‌. ഏറ്റവും വലിയ മൗലികകണമായാണു ഹിഗ്‌സ് ബോസോണിനെ ശാസ്‌ത്രജ്‌ഞര്‍ വിലയിരുത്തുന്നത്‌. സങ്കീര്‍ണയന്ത്രമായ ഹാഡ്രോണ്‍ കൊളൈഡറിലാണ്‌ ഗവേഷണം നടന്നത്‌. സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ 100 മീറ്റര്‍ ആഴത്തില്‍ 27 കിലോമീറ്റര്‍ ചുറ്റളവിലാണ്‌ ഇതു സ്‌ഥാപിച്ചത്‌. 1989-ല്‍ ആരംഭിച്ച പരീക്ഷണമാണ്‌ ഇന്നലെ വിജയത്തിനടുത്തെത്തിയത്‌. കൊളൈഡറില്‍ പ്രോട്ടോണുകളെ കൂട്ടിയിടിപ്പിച്ചായിരുന്നു പരീക്ഷണം. പ്രകാശതുല്യവേഗത്തില്‍ സെക്കന്‍ഡില്‍ 60 കോടി കൂട്ടിയിടികളാണ്‌ ഗവേഷണശാലയില്‍ സൃഷ്‌ടിച്ചത്‌. ഇതേത്തുടര്‍ന്ന്‌ സൂര്യോപരിതലത്തേക്കാള്‍ ഒരുലക്ഷം ഇരട്ടി താപമാണ്‌ ഉല്‍പ്പാദിപ്പിക്കപ്പെട്ടത്‌. -271.3 ഡിഗ്രി സെല്‍ഷ്യസില്‍ കൊളൈഡറിലെ ആക്‌സിലേറ്റര്‍ റിംഗിനു ചുറ്റും പ്രവഹിച്ച ഹീലിയമാണ്‌ ഉയര്‍ന്ന ചൂടുമൂലമുണ്ടാകുന്ന പ്രത്യാഘാതം തടഞ്ഞത്‌. ഗവേഷണശാലയുമായി കൂട്ടിച്ചേര്‍ത്ത ആയിരത്തിലേറെ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചായിരുന്നു നിരീക്ഷണം. കഴിഞ്ഞ ഡിസംബറിലാണ്‌ ശാസ്‌ത്രലോകം 'ദൈവകണ'ത്തിനടുത്ത്‌ എത്തിയത്‌. അന്ന്‌ ഹിഗ്‌സ് ബോസോണ്‍ കണ്ടെത്തിയെന്നു പ്രഖ്യാപിക്കാന്‍ വേണ്ടത്ര തെളിവുകള്‍ കിട്ടിയില്ലെങ്കിലും കൂടുതല്‍ നിരീക്ഷണത്തിനു തീരുമാനിക്കുകയായിരുന്നു. തുടര്‍ഗവേഷണത്തിന്റെ വിവരങ്ങളാണ്‌ ഇന്നലെ പുറത്തുവിട്ടത്‌. ഡിസംബറില്‍ കിട്ടിയതിന്റെ ഇരട്ടിയിലേറെ വിവരങ്ങള്‍ ലഭ്യമായെന്ന്‌ സേണിലെ ഗവേഷണവിഭാഗം മേധാവി സെര്‍ജിയോ ബര്‍ത്തലൂച്ചി പറഞ്ഞു. ഹിഗ്‌സ് ബോസോണ്‍ സംബന്ധിച്ച ഗവേഷണഫലം ഇന്ത്യന്‍ ശാസ്‌ത്രലോകത്തിന്‌ അംഗീകാരമാണ്‌.
ബി.സി. ആറാം നൂറ്റാണ്ടില്‍ ഭാരതീയ പണ്ഡിതരാണ്‌ ആറ്റ(അണു)ത്തെക്കുറിച്ചുള്ള നിഗമനങ്ങള്‍ പുറത്തുവിട്ടത്‌. പൂജ്യം ഗണിതശാസ്‌ത്രത്തിനും മരങ്ങള്‍ക്കു ജീവനുണ്ടെന്ന വസ്‌തുത ജീവശാസ്‌ത്രത്തിനും നല്‍കിയത്‌ ഇന്ത്യന്‍ ശാസ്‌ത്രലോകമാണ്‌. ഉപജ്‌ഞാതാക്കളായ സത്യേന്ദ്രനാഥ്‌ ബോസിന്റെയും പീറ്റര്‍ ഹിഗ്‌സിന്റെയും പേരുകള്‍ ചേര്‍ത്താണ്‌ കണത്തിനു ശാസ്‌ത്രലോകം ഹിഗ്‌സ് ബോസോണ്‍ എന്നു നാമകരണം ചെയ്‌തത്‌.

ദൈവകണമെന്ന വിളിപ്പേര്‍ നല്‍കിയതാവട്ടെ ലിയോണ്‍ എം. ലെഡര്‍മാനും. എന്നാല്‍ 'ദൈവകണ'ത്തെ പ്രപഞ്ചോല്‍പ്പത്തി വിശ്വാസങ്ങളുമായി ബന്ധപ്പെടുത്താന്‍ സമയമായിട്ടില്ലെന്നു ശാസ്‌ത്രജ്‌ഞര്‍ ചൂണ്ടിക്കാട്ടുന്നു.

No comments: