Tuesday, February 1, 2011

നിരീശ്വരവാദം അബദ്ധങ്ങളില്‍ നിന്ന് അബദ്ധങ്ങളിലേക്ക്...(2)

നിരീശ്വരവാദം അബദ്ധങ്ങളില്‍ നിന്ന് അബദ്ധങ്ങളിലേക്ക്...
എന്‍ എം ഹുസൈന്‍
'നാസ്തികനായ ദൈവം' എന്ന കൃതിയുടെ ഖണ്ഡനം ( ഭാഗം - 2 )
മധ്യകാല യൂറോപ്പിലെ ക്രൈസ്തവദാര്‍ശനികനായിരുന്ന സെന്റ് തോമസ് അക്വിനാസിന്റെ അഞ്ച് തെളിവുകളെ വിമര്‍ശിച്ചുകൊണ്ടുള്ള ഡോക്കിന്‍സിന്റെ പരാമര്‍ശങ്ങളെയായിരുന്നു കഴിഞ്ഞലക്കത്തില്‍ പഠനവിധേയമാക്കിയിരുന്നത്. ഇക്കാര്യത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ തുടര്‍ന്നെഴുതുന്നു: "ഇനി സൌകര്യത്തിനുവേണ്ടി ദൈവത്തെ നിയമപരിധിയില്‍ നിന്നൊഴിവാക്കിയാലും അക്വിനാസിന്റെ വാദങ്ങള്‍ സാധൂകരിക്കപ്പെടില്ല.''(22) സര്‍വശക്തന്‍, സര്‍വജ്ഞന്‍ എന്നിങ്ങനെ ദൈവത്തിന് നല്‍കുന്ന ഒട്ടേറെ വിശേഷങ്ങളുണ്ടല്ലോ. ഈ "ഗുണങ്ങള്‍ ദൈവത്തില്‍ ആരോപിക്കുന്നതിനെ സാധൂകരിക്കുന്ന ഒന്നുംതന്നെ അവതരിപ്പിക്കപ്പെടുന്ന നിയമങ്ങളിലില്ല'' എന്നതാണ് കാരണമായി ഉന്നയിക്കുന്നത്.(23) ഈ ഗുണങ്ങള്‍ തന്റെ അഞ്ച് തെളിവുകളില്‍നിന്നും നേരിട്ടെത്താവുന്ന നിഗമനങ്ങളാണെന്ന് അക്വിനാസ് വാദിച്ചിട്ടില്ലെന്നിരിക്കെ ഗ്രന്ഥകാരന്റെ വാദം അര്‍ഥശൂന്യമായി ഭവിക്കുന്നു. ദൈവത്തെ എന്തുകൊണ്ട് സര്‍വശക്തനും സര്‍വജ്ഞനുമൊക്കെയായി കണക്കാക്കുന്നുവെന്നതിന് മതദാര്‍ശനികന്മാര്‍ മറ്റനേകം ന്യായങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. തോമസ് അക്വിനാസിന്റെ അഞ്ചു തെളിവുകളില്‍ ആദ്യത്തേതിനെ കൈകാര്യം ചെയ്ത രീതിയാണ് മേല്‍ വിവരിച്ചത്. മറ്റു തെളിവുകളേയും അദ്ദേഹം സമീപിച്ചത് ഇതേവിധം തന്നെയാണ്.
രണ്ട്: ആത്യന്തിക കാരണം

രണ്ടാമത്തെ തെളിവ് ഗ്രന്ഥകാരന്‍ കുറിക്കുന്നു: "എല്ലാത്തിന്റെയും കാരണമായ കാരണമില്ലാത്തവന്‍ (uncaused cause): കാരണമില്ലാതെ ഒരു കാര്യവും സംഭവിക്കുന്നില്ല. എല്ലാത്തിന്റെയും കാരണം ആരാണോ അവനാണ് ദൈവം. ഈ വാദവും പശ്ചാത്ഗമനമാണ്. എന്തെന്നാല്‍ നിയമം ദൈവത്തിന് ബാധകമല്ല. ദൈവത്തിന് പ്രത്യേക കാരണവും ആവശ്യമില്ല.''
കാരണമില്ലാതെ ഒരു കാര്യവും ഉണ്ടാകുന്നില്ല. പ്രപഞ്ചത്തിന്റെ ആത്യന്തിക കാരണമെന്ത്? ഈ വാദത്തെ ഖണ്ഡിക്കണമെങ്കില്‍ കാരണമില്ലാതെയും കാര്യമുണ്ടാകാമെന്ന് ദാര്‍ശനികമായോ ശാസ്ത്രീയമായോ തെളിയിക്കണം.
പ്രപഞ്ചം കാര്യമല്ലെന്നും അനാദിയാണെന്നും സമര്‍ഥിച്ചാല്‍ അക്വിനാസിന്റെ വാദം ഖണ്ഡിക്കപ്പെടും. എന്നാല്‍ അതിനുള്ള ശ്രമംപോലും ഡോക്കിന്‍സ് നടത്തിയിട്ടില്ല. അക്വിനാസിന്റെ രണ്ടാമത്തെ തെളിവ് പശ്ചാത്ഗമനമായതുകൊണ്ടോ ദൈവത്തിന് ബാധകമല്ലെന്നതുകൊണ്ടോ ദുര്‍ബലമാവുന്നില്ല. (ഇതേപ്പറ്റി തുടര്‍ലക്കങ്ങളില്‍ വിശദമായി പ്രതിപാദിക്കാം)
മൂന്ന്: പ്രാപഞ്ചികവാദം

അക്വിനാസിന്റെ മൂന്നാമത്തെ തെളിവ് ഗ്രന്ഥകാരന്‍ പരിചയപ്പെടുത്തുന്നു: "പ്രാപഞ്ചികവാദം (The Cosmological Argument). ആദിയില്‍ മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഇന്നുണ്ട്. ആ നിലക്ക് എല്ലാം ഉണ്ടാക്കിയതിനു പിന്നില്‍ അമൂര്‍ത്തമായ എന്തോ ഒന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടോ അതാണ് ദൈവം.''(24)
ഈ വാദത്തെ ഖണ്ഡിക്കണമെങ്കില്‍ അനാദികാലം മുതലേ ഈ പ്രപഞ്ചം ഉണ്ടായിരുന്നുവെന്നും അതുകൊണ്ടുതന്നെ അതിനു പിന്നില്‍ മറ്റൊരു ശക്തിയും കാരണമായി പ്രവര്‍ത്തിക്കേണ്ടതില്ലെന്നും സമര്‍ഥിക്കണം. അതിനുള്ള ശ്രമവും ഡോക്കിന്‍സിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. യഥാര്‍ഥത്തില്‍ ഇത്തരം സമര്‍ഥനം നടന്നാല്‍ അക്വിനാസിന്റെ മൂന്നു തെളിവുകളും ദുര്‍ബലമാവും. എന്തുചെയ്യാം? നാനൂറോളം പേജുകളുള്ള പുസ്തകം തയ്യാറാക്കിയ ഡോക്കിന്‍സ് ഒരിടത്തും അത്തരമൊരു വാദം ഉന്നയിക്കുകയോ സമര്‍ഥിക്കുകയോ ചെയ്തിട്ടില്ല. ആസ്തിക്യവാദത്തിന്റെ മര്‍മങ്ങള്‍ എന്താണെന്നോ അതിനെ ഖണ്ഡിക്കാന്‍ എന്തൊക്കെ എതിര്‍വാദങ്ങളാണ് ഉന്നയിക്കേണ്ടതെന്നോ അറിയാത്ത നിരീശ്വരബുദ്ധിജീവിയാണ് ഡോക്കിന്‍സെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
അവതരിപ്പിക്കേണ്ട വാദങ്ങളെപ്പറ്റിപോലും വ്യക്തമായ ധാരണയില്ലാത്തയാള്‍ അവ സമര്‍ഥിക്കാതിരിക്കുന്നതില്‍ ആശ്ചര്യമില്ല. ആസ്തിക്യവാദങ്ങളെ ഖണ്ഡിക്കാനോ നിരീശ്വരവാദങ്ങളെ സമര്‍ഥിക്കാനോ സാധിക്കാത്ത ഡോക്കിന്‍സ് ആകെ ചെയ്തിട്ടുള്ളത് ബാലിശമായ സംശയങ്ങള്‍ ഉന്നയിക്കുകയാണ്. ഇവയാകട്ടെ വിശ്വാസികളായ ദാര്‍ശനികര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വിശദീകരണം നല്‍കിയിട്ടുള്ളവയാണുതാനും.
അക്വിനാസിന്റെ മൂന്നാമത്തെ തെളിവ് വിവരിച്ചപ്പോള്‍ ഗ്രന്ഥകാരന്‍ ബ്രാക്കറ്റില്‍ രണ്ട് ചോദ്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. അവയിതാണ്: "ഒന്നുമില്ലാതിരുന്നപ്പോള്‍ ദൈവം എവിടെയായിരുന്നു? അമൂര്‍ത്തദൈവം ഉണ്ടായിരുന്നെങ്കില്‍ ഒന്നുമില്ലാതിരുന്നു എന്നെങ്ങനെ പറയാനാവും?''(25)
ആദിയില്‍ ഒന്നുമില്ലായിരുന്നു എന്നല്ല 'മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല' എന്നാണല്ലോ ചോദ്യകര്‍ത്താവ് തന്നെ എഴുതിയത്. 'മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല' എന്നു പ്രത്യേകമായി പറഞ്ഞതില്‍നിന്നും അമൂര്‍ത്തമായ ദൈവം ഉണ്ടായിരുന്നുവെന്നല്ലേ മനസ്സിലാവുന്നത്?
മൂര്‍ത്തമായ പ്രപഞ്ചം ഇല്ലാതിരുന്നപ്പോഴും ദൈവം ഉണ്ടായിരുന്നുവെന്നല്ലാതെ 'എവിടെ'യായിരുന്നുവെന്ന ചോദ്യത്തിന് പ്രസക്തിയില്ല. ദൈവത്തിന് നിലനില്‍ക്കാന്‍ സ്ഥലം ആവശ്യമില്ലാത്തതിനാല്‍ 'എവിടെ' എന്ന ചോദ്യം തന്നെ അര്‍ഥശൂന്യമാണ്. മൂര്‍ത്തമായ ഭൌതികവസ്തുക്കള്‍ക്കാണ് നിലനില്‍ക്കാന്‍ സ്ഥലം ആവശ്യമായിട്ടുള്ളത്. അമൂര്‍ത്തമായതിന് സ്ഥലം ആവശ്യമില്ല.(26)
"ഒറ്റനോട്ടത്തില്‍ യുക്തിസഹമെന്ന് തോന്നിപ്പിക്കുന്ന നിയമങ്ങള്‍ അവതരിപ്പിക്കുകയും ആ നിയമങ്ങളൊന്നും ദൈവത്തിന് ബാധകമല്ലെന്ന് പറയുകയും ചെയ്യുന്നതിലൂടെ സ്വയം റദ്ദാക്കപ്പെടുന്ന വാദങ്ങളാണിവയെല്ലാം'' എന്നും കുറിക്കുന്നു. പ്രപഞ്ചത്തിന് ബാധകമായ നിയമങ്ങള്‍ ദൈവത്തിനും ബാധകമാക്കണമെന്ന് നിരീശ്വരവാദികള്‍ പറയുന്നത് പ്രപഞ്ചമെന്താണെന്നോ ദൈവമെന്താണെന്നോ അവര്‍ക്ക് ഇനിയും ഗ്രഹിക്കാനാകാത്തതുകൊണ്ടാണ്. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അന്തരം ഗ്രഹിക്കണമെങ്കില്‍ ദാര്‍ശനികമായെങ്കിലും പ്രകൃതിക്കപ്പുറമുള്ള ഒരവസ്ഥയെപ്പറ്റി ചിന്തിക്കാനാകണം. ഈ കഴിവില്ലാത്തവരാണ് നിരീശ്വരവാദികള്‍. കല്ലും മണ്ണും മുള്ളും മുരുക്കും പോലുള്ള മറ്റെന്തോ വസ്തുവാണ് ദൈവം എന്നാണവരുടെ ധാരണ. അതിനാലാണ് പ്രപഞ്ചത്തിനുള്ള പരിമിതികളെല്ലാം ദൈവത്തിലും ആരോപിക്കുന്നത്.
തന്റെ ഗ്രാഹ്യശേഷിയുടെ പരിമിതി പരോക്ഷമായി ഗ്രന്ഥകാരന്‍തന്നെ സമ്മതിച്ചിട്ടുണ്ട്. ദി ഗാര്‍ഡിയന്‍ പത്രത്തില്‍ ഒരാളെഴുതിയ ബ്ളോഗ് പരാമര്‍ശിച്ചുകൊണ്ട് ഗ്രന്ഥകാരനെഴുതുന്നു: "മതനേതാക്കള്‍ ദൈവത്തെ വിശദീകരിക്കുന്നത് ആരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ്? പണ്ടേയുണ്ടായിരുന്നു, പ്രകൃതിക്കും ഇന്ദ്രിയത്തിനും അതീതമാണ് എന്നൊക്കെ പറയുന്നത് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന കാര്യമാണോ? അത്തരം കാര്യങ്ങളൊക്കെ മനസ്സിലാക്കാനുള്ള പ്രാഗത്ഭ്യവും ശേഷിയും മതവിശ്വാസികള്‍ക്കുണ്ടെങ്കില്‍ അവര്‍ അതിമാനുഷരാണെന്നതില്‍ തര്‍ക്കം വേണ്ട!''(27)
ഇത്തരം കാര്യങ്ങള്‍ ഗ്രാഹ്യമാകാന്‍ അതിമാനുഷരാകേണ്ട, അതിനിരീശ്വരവാദികളായാല്‍ മതിയാകും!
ഭൌതികപദാര്‍ഥങ്ങള്‍ മാത്രമേ യാഥാര്‍ഥ്യമായിട്ടുള്ളൂവെന്നും മറ്റെല്ലാം മിഥ്യാധാരണകളാണെന്നും വാദിക്കുന്നവരാണ് നിരീശ്വരവാദികള്‍. ഗ്രന്ഥകാരന്‍ എഴുതുന്നു: "ആത്മീയം, ഇന്ദ്രിയാതീതം, പ്രകൃത്യാതീതം എന്നിവയെക്കുറിച്ച് പറയുമ്പോള്‍ ചക്കയെയും മാങ്ങയെയും കുറിച്ച് കേള്‍ക്കുന്ന ലാഘവത്തോടെ ശ്രവിക്കുകയും തലകുലുക്കി മനസ്സിലാകുന്നുവെന്ന് അഭിനയിക്കുകയും ചെയ്യുന്നവര്‍ ഇതൊക്കെ എന്തെന്നറിയാതെ പ്രസംഗിക്കുന്നവരേക്കാള്‍ കാപട്യമുള്ളവരാണ്.''(28)
"തനിക്കറിയില്ല എന്നു കരുതി ആര്‍ക്കുമറിയില്ല എന്നു തീരുമാനിക്കുന്നത് അഭിലഷണീയമല്ല'' എന്ന് ഏതാനും പേജുകള്‍ക്ക് മുമ്പ് ഗ്രന്ഥകാരനെഴുതിയത് ഏറ്റവും ബാധകമായ ആള്‍ ഗ്രന്ഥകാരന്‍ തന്നെയാണെന്ന് മേല്‍ അഭിപ്രായങ്ങള്‍ തെളിയിക്കുന്നു.(29) തനിക്കറിയാത്തത് തുറന്നു സമ്മതിക്കലാണ് മറ്റുള്ളവരെ കാപട്യക്കാരാക്കുന്നതിനേക്കാള്‍ ഉചിതമായത്. ഒരാള്‍ ചക്ക, മാങ്ങ എന്നൊക്കെ കേള്‍ക്കുമ്പോള്‍ തലയാട്ടുന്നത് ചക്കയുടെയും മാങ്ങയുടെയും ജീവശാസ്ത്രവും രസതന്ത്രവും എനിക്കറിയാം എന്ന നാട്യത്തോടെയാവില്ലല്ലോ. ചക്കയും മാങ്ങയും ഏതു രാജ്യത്തുനിന്നാണ് വരുന്നതെന്നോ അവയിലടങ്ങിയ പോഷകങ്ങള്‍ എന്തൊക്കെയാണെന്നോ അറിയുന്നവരേ തലയാട്ടാവൂ എന്ന് ആരെങ്കിലും ശഠിക്കാറുണ്ടോ?
പ്രകൃതിയെയും അതിന്റെ സ്രഷ്ടാവായ ദൈവത്തെയും മനസ്സിലാക്കാന്‍ മനുഷ്യന് കഴിയും. മനുഷ്യര്‍ക്ക് പൊതുവേ ഈ കഴിവുണ്ട് (മനുഷ്യന് ജന്മനാ തന്നെ ഇത്തരം കഴിവുള്ളതായി ഗ്രന്ഥകാരന്‍ തന്നെ പലയിടങ്ങളിലും സമ്മതിച്ചിട്ടുണ്ട്. ഇത് സംബന്ധമായ വിശദമായ ചര്‍ച്ച പിന്നീട് വരുന്നുണ്ട്). ഗ്രന്ഥകാരന്റെ ഈ വിവരണം നോക്കൂ: "അലാറം ക്രമീകരിച്ചുവെച്ചിരിക്കുന്ന ഒരു ക്ളോക്ക് കണ്ടാല്‍ അത് എത്ര മണിക്ക് ശബ്ദിക്കുമെന്ന് നമുക്ക് അനായാസമായി പറയാന്‍ സാധിക്കും. ക്ളോക്ക് പ്രവര്‍ത്തിക്കുന്നത് ബാറ്ററി കൊണ്ടാകാം, പല്‍ചക്രത്തിന്റെ കറക്കത്തെ ആധാരമാക്കിയാവാം. സോളാര്‍ എനര്‍ജികൊണ്ടാവാം. രീതി ഏതായാലും വിഷയമല്ല. ഏതു രീതിയില്‍ പ്രവര്‍ത്തിച്ചാലും എപ്പോള്‍ അലാറം അടിക്കുമെന്ന് നാം ഉറപ്പിക്കും.''(30)
പ്രപഞ്ചത്തെപ്പറ്റി അല്പമെങ്കിലും അറിയാനായാല്‍ അതിനു പിന്നില്‍ ആസൂത്രകനുണ്ടെന്ന് സാമാന്യബുദ്ധിയെങ്കിലും ഉള്ളവര്‍ക്ക് ബോധ്യമാകും. പ്രപഞ്ചം എപ്പോള്‍ എങ്ങനെ സൃഷ്ടിച്ചുവെന്നതിന്റെ വിശദാംശങ്ങള്‍ അറിയില്ലെങ്കിലും സൃഷ്ടിക്കപ്പെട്ടതാണെന്ന് "നമുക്ക് അനായാസമായി പറയാന്‍ സാധിക്കും'' (പൊതുവേ മനുഷ്യര്‍ക്കെല്ലാമുള്ള ഈ കഴിവ് നിരീശ്വരവാദികളില്‍ കാണാത്തത് എന്തുകൊണ്ടെന്നത് അന്വേഷിക്കാവുന്ന വിഷയമാണ്. Exception proves the rule-അപവാദം പൊതുതത്ത്വത്തെ തെളിയിക്കുന്നു-എന്ന യാഥാര്‍ഥ്യം ഈ പ്രശ്നം പരിഹരിക്കുന്നുണ്ട്.)
ഗ്രന്ഥകാരന്റെ മറ്റൊരു വിവരണം നോക്കാം: "ഒരു കടുവയെ കാണുമ്പോള്‍ അതിനെക്കുറിച്ച് വ്യക്തമായ ഒരു പ്രവചനം ഞൊടിയിടയില്‍ നടത്താനാവും. കടുവയുടെ പേശീഘടനയും ആന്തിരകമായ രാസപ്രവര്‍ത്തനങ്ങളും പഠിക്കേണ്ടതില്ല. കടുവ നിങ്ങളെ തിന്നാന്‍ തുനിയുമെന്ന് പ്രത്യേക പരിശീലനമൊന്നുമില്ലാതെ പറയാന്‍ സാധിക്കും.''(31)
കടുവയുടെ പേശീഘടനയും ആന്തരികമായ രാസപ്രവര്‍ത്തനങ്ങളും പഠിക്കാതെയും പ്രത്യേകപരിശീലനമൊന്നുമില്ലാതെയും കടുവ തിന്നുമെന്ന് പറയാന്‍ സാധിക്കുന്നപോലെ പ്രപഞ്ചത്തെപ്പറ്റി പ്രാഥമികമായി മനസ്സിലാക്കുമ്പോള്‍ തന്നെ ആസൂത്രകനെയും ആസൂത്രണത്തെയുംപറ്റി "വ്യക്തമായ ഒരു പ്രവചനം ഞൊടിയിടയില്‍ നടത്താനാവും.'' അത് സാധിക്കണമെങ്കില്‍ സ്രഷ്ടാവിന്റെയും സൃഷ്ടിപ്പിന്റെയും 'ബയോകെമിസ്ട്രി' അറിയണമെന്നില്ല. ഏതൊരാസൂത്രണവും ആസൂത്രകനെ ആവശ്യപ്പെടുന്നുവെന്ന് യുക്തിബോധമുള്ളവര്‍ക്ക് തോന്നും (Every design want a designer). പ്രകൃതിയിലെ എന്ത് പഠനവിധേയമാക്കിയാലും ഇക്കാര്യം ബോധ്യമാവും, ഇത് മനസ്സിലാക്കാന്‍ ദൈവത്തിന്റെ ബയോകെമിസ്ട്രിയോ ജനിയോളജിയോ അറിയണമെന്നില്ല. അതുകൊണ്ടാണ് ഏവര്‍ക്കും ദൈവവിശ്വാസം സ്വീകാര്യമാവുന്നത്.
പ്രപഞ്ചത്തിന് ബാധകമായ നിയമങ്ങളെല്ലാം ദൈവത്തിനും ബാധകമാണെങ്കില്‍ ദൈവം എങ്ങനെ ദൈവമാകും?
പ്രപഞ്ചത്തിന് ബാധകമായ നിയമങ്ങള്‍ ദൈവത്തിന് ബാധകമാകുമ്പോഴല്ല ബാധകമല്ലാതാകുമ്പോഴാണ് ദൈവം ദൈവമാകുന്നത്. പ്രപഞ്ചത്തിന് ബാധകമായ നിയമങ്ങള്‍ ദൈവത്തിന് ബാധകമല്ലെന്ന് പറയുമ്പോഴല്ല ബാധകമാണെന്ന് പറയുമ്പോഴാണ് അക്വിനാസിന്റെ ന്യായം റദ്ദാക്കപ്പെടുന്നത്. പ്രപഞ്ചത്തിലെ നിയമങ്ങള്‍ ദൈവത്തിന് ബാധകമല്ലെന്ന് പറയുമ്പോള്‍ വാദം റദ്ദാക്കപ്പെടുകയല്ല, സ്ഥിരീകരിക്കപ്പെടുകയാണ്. 'റദ്ദാക്കപ്പെടുന്നു' എന്ന് തട്ടിവിട്ടതുകൊണ്ടായില്ല, എന്തുകൊണ്ട് റദ്ദാക്കപ്പെടുന്നുവെന്ന് യുക്തിപരമായി വിശദീകരിക്കാനുള്ള ബാധ്യത ഡോക്കിന്‍സിനുണ്ട്. ഇതദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
അക്വിനാസിന്റെ ഈ മൂന്നു തെളിവുകള്‍ക്കുമുള്ള ഏക തകരാറ് ഇതാണെത്രെ: "ഈ വാദങ്ങളിലെല്ലാം പശ്ചാത്ഗമനമുണ്ട് (Regression). ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നില്ല. ഓരോ വിശദീകരണവും സത്യത്തില്‍ മറ്റൊരു ചോദ്യം ഉന്നയിക്കുകയാണ് ചെയ്യുന്നത്. അതങ്ങനെ അനന്തമായി തുടരുകയും ചെയ്യുന്നു.''
പ്രപഞ്ചത്തിലെ അതിസങ്കീര്‍ണമായ ആസൂത്രണങ്ങള്‍ക്ക് യുക്തിസഹമായ വിശദീകരണമെന്ത്? യാദൃച്ഛികതയോ ആസൂത്രകനോ? ഇതാണ് മനുഷ്യന്‍ നേരിടുന്ന മുഖ്യ ദാര്‍ശനികപ്രശ്നം. ആസൂത്രകന്‍ എന്നതാണ് ഏതുനിലക്കും യാദൃച്ഛികതയേക്കാള്‍ യുക്തിഭദ്രവും ശാസ്ത്രീയവുമായ വിശദീകരണം എങ്കില്‍ ആസൂത്രകന്‍ എങ്ങനെയുണ്ടായി എന്നൊരു ചോദ്യം ഉയര്‍ന്നതുകൊണ്ടോ അതിന് വിശദീകരണം ലഭിച്ചില്ലെന്നതുകൊണ്ടോ പ്രപഞ്ചത്തിലെ ആസൂത്രണത്തിന്റെ വിശദീകരണം ആസൂത്രകനല്ല എന്നുവരുന്നില്ല.
ഈ തെളിവിന്റെ തകരാറെന്താണ്? ഗ്രന്ഥകാരന്‍ കുറിക്കുന്നു: "കുലാലനെ മണ്‍കലത്തിന്റെ സ്രഷ്ടാവായി കാണുന്നതുപോലൊരു അബദ്ധം ഇവിടെ സംഭവിക്കുന്നുണ്ട്. കുഴച്ചമണ്ണ്, ശരിയായ ഊഷ്മാവ്, പോട്ടര്‍വീല്‍... തുടങ്ങിയ ആയിരക്കണക്കിന് അനുബന്ധ കാര്യ-കാരണങ്ങള്‍ ഒത്തുവന്നാലേ മണ്‍കലം പിറക്കുകയുള്ളൂ. ഇവയിലൊരു ഘടകംപോലും ഒഴിവാക്കാനാവില്ല. അഥവാ അങ്ങനെയൊന്നുണ്ടെങ്കില്‍ അത് കേവലം ഒരു ഇടനിലക്കാരനായ കുലാലന്‍ മാത്രമാണ്!''(32)
അക്വിനാസിന്റെ തെളിവിനെ ബലപ്പെടുത്തുന്ന ഉദാഹരണമാണിത്. മനുഷ്യരുണ്ടായിട്ട് ഇന്നോളം ഒരു മണ്‍കലമെങ്കിലും കുലാലനു(കുശവന്‍)ണ്ടാക്കാതെ യാദൃച്ഛികമായുണ്ടായെന്ന് നിരീശ്വരവാദികള്‍ക്ക് അഭിപ്രായമുണ്ടോ? ഇല്ലെന്നു വ്യക്തമാണ്. എങ്കില്‍ പ്രപഞ്ചത്തിനു പിന്നില്‍ ഒരു ആസൂത്രകന്‍ ഉണ്ടായിരിക്കുമെന്നല്ലേ ഇതില്‍നിന്നും തെളിയുന്നത്? ഒരു ജീവകോശത്തേയോ തന്മാത്രയെയോ അപേക്ഷിച്ച് മണ്‍കലം എത്രയോ ലളിതമാണ്. അതിലെ ആസൂത്രണവൈഭവം (Intelligent content) തുലോം നിസ്സാരമാണ്. അത്തരം ലളിതമായ ഒരു മണ്‍കലം പോലും "കുഴച്ചമണ്ണ്, ശരിയായ ഊഷ്മാവ്, പോട്ടര്‍വീല്‍... തുടങ്ങിയ ആയിരക്കണക്കിന് അനുബന്ധ കാര്യകാരണങ്ങള്‍ ഒത്തുവന്നാലേ പിറക്കുകയുള്ളൂ''വെന്ന് ഗ്രന്ഥകാരനും സമ്മതിക്കുന്നു. എങ്കില്‍ ഒരു മണ്‍കലം പോലും ഇന്നേവരെ കുലാലനുണ്ടാക്കാതെ ഉണ്ടായിട്ടില്ല എന്ന് അംഗീകരിക്കുന്ന നിരീശ്വരവാദി ഈ യുക്തി പ്രപഞ്ചത്തിന് ബാധകമാക്കാത്തത് എന്തുകൊണ്ടാണ്? നിത്യജീവിതത്തിലെ യുക്തിബോധം ദാര്‍ശനികരംഗത്ത് കൈവെടിയുന്നു എന്നല്ലേ ഈ ഉദാഹരണം തെളിയിക്കുന്നത്?
"അഥവാ അങ്ങനെയൊന്നുണ്ടെങ്കില്‍ അത് കേവലം ഒരു ഇടനിലക്കാരനായ കുലാലന്‍ മാത്രമാണ്'' എന്ന് ഗ്രന്ഥകാരന്‍ സമ്മതിക്കുന്നു. എങ്കില്‍ പ്രപഞ്ചത്തിന് പിന്നില്‍ ഒരാസൂത്രകനുണ്ടെന്നല്ലേ ഇതിനര്‍ഥം? മണ്‍കലത്തിന്റെ ആസൂത്രകനായ കുലാലനെ നിഷേധിക്കാത്ത നിരീശ്വരവാദി അതിനേക്കാള്‍ അനന്തമടങ്ങ് സങ്കീര്‍ണമായ പ്രപഞ്ചത്തിനു പിന്നിലെ ആസൂത്രകനെ നിഷേധിക്കുന്നത് ഏതായാലും യുക്തിബോധം കൊണ്ടോ ബുദ്ധിവൈഭവം കൊണ്ടോ അല്ലെന്നു വ്യക്തമാണ്.
നാല്: ആത്യന്തിക നന്മ

അക്വിനാസിന്റെ നാലാമത്തെ തെളിവിതാണ്: താരതമ്യത്തിലധിഷ്ഠിതമായ വാദത്തില്‍ (Argument from Degree) എല്ലാത്തിനും ഭിന്നഗുണനിലവാരമാണുള്ളത്. ഒന്ന് വേറൊന്നില്‍ നിന്ന് വ്യത്യസ്തപ്പെടുന്നത് താരതമ്യം ചെയ്യപ്പെടുമ്പോള്‍ മാത്രമാണ്. ഒരു വലിയ വരയുടെ സമീപം കുറേക്കൂടി വലിയൊരു വര വരയ്ക്കുമ്പോള്‍ ആദ്യവര ചെറുതായിപ്പോകും. ഇതുപോലെയാണ് താരതമ്യത്തിന്റെ പോക്ക്. പ്രപഞ്ചത്തിലുള്ള ഒന്നും പൂര്‍ണമല്ല. പൂര്‍ണമല്ലെന്ന് പറയുമ്പോള്‍ പൂര്‍ണത നിശ്ചയിക്കുന്ന എന്തോ ഒന്ന് ഉണ്ടെന്ന് വരുന്നു. എങ്കിലേ പൂര്‍ണത ഇല്ലെന്നോ ഉണ്ടെന്നോ ആരോപിക്കാനാവൂ. അതിനാല്‍ എല്ലാംകൊണ്ടും പൂര്‍ണമായ ഒന്നുണ്ട്. അതാണ് ദൈവം. മനുഷ്യരിലും നന്മയും തിന്മയുമുണ്ട്. പരമാവധി നന്മയാണ് (maximum good) ദൈവം.(33)
ഇതിനെ വിലയിരുത്തുന്നത് ഇങ്ങനെയാണ്: "സത്യത്തില്‍ ഇതൊരു വാദമാണോ?-ഡോക്കിന്‍സ് ചോദിക്കുന്നു. എല്ലാ മനഷ്യര്‍ക്കും ചെറിയ തോതിലെങ്കിലും ദുര്‍ഗന്ധമുണ്ട്. അത് ഏറിയും കുറഞ്ഞുമിരിക്കും. അതുകൊണ്ട് അങ്ങേയറ്റം ദുര്‍ഗന്ധമുള്ള എന്തോ ഒന്നുണ്ട്. അതുകൊണ്ടാണ് താരതമ്യം ചെയ്യാന്‍ സാധിക്കുന്നത്. അത്തരം പരമാവധി ദുര്‍ഗന്ധമുള്ളതായി എന്തുണ്ടോ അതാണ് ദൈവം! മറ്റേത് ഗുണമെടുത്താലും ഇങ്ങനെ വാദിക്കാം.''(34)
മറ്റനേകം ഗുണങ്ങളില്‍ നിന്നും ഡോക്കിന്‍സ് തിരഞ്ഞെടുത്തത് അര്‍ഥവത്താണ്. സ്വന്തം മനസ്സിലെ മാലിന്യത്തെയാണ് മനഃശാസ്ത്രപരമായി അത് പ്രതിഫലിപ്പിക്കുന്നത്. ഒരു വാദത്തെ ഖണ്ഡിക്കുന്നത് ഫലപ്രദമാകണമെങ്കില്‍ ഒന്നാമതായി വാദം മനസ്സിലാക്കണം. ഡോക്കിന്‍സ് ഇക്കാര്യത്തില്‍ ദയനീയ പരാജയത്തിലാണ്. അക്വിനാസിന്റെ ദര്‍ശനത്തില്‍ ദൈവത്തില്‍ ദുര്‍ഗന്ധം സ്ഥായീഗുണമല്ല. ദുഷ്പ്രവൃത്തികള്‍ക്കും ദുര്‍ഗുണങ്ങള്‍ക്കും സ്ഥായീഭാവമില്ല. നന്മയുടെയും സുഖത്തിന്റെയും അഭാവമാണ് ഇവക്ക് നിലനില്‍പ്പ് നല്‍കുന്നത്. പിശാച് സ്ഥായീഭാവമുള്ള സൃഷ്ടിയല്ല. അതിനാല്‍ നല്ല ഗുണങ്ങള്‍ക്ക് മാത്രമേ അക്വിനാസ് സ്ഥായിയായ അസ്തിത്വം കല്‍പിക്കുന്നുള്ളൂ. ഈ ഗുണങ്ങളുടെ പരമോന്നത നിലവാരമാണ് ദൈവത്തില്‍ ദര്‍ശിക്കുന്നത്. അതിനാല്‍ അക്വിനാസിന്റെ ദര്‍ശനത്തില്‍ ഡോക്കിന്‍സിന്റെ 'ദുര്‍ഗന്ധവാദം' ഒരു വാദമേയല്ല. പരമാവധി നന്മയുള്ള ദൈവത്തെ വിശ്വാസികള്‍ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുമ്പോള്‍ ഡോക്കിന്‍സും നിരീശ്വരവാദികളും പരമാവധി ദുര്‍ഗന്ധമുള്ള ദൈവത്തെ അന്വേഷിക്കുകയും 'കണ്ടെത്തുക'യും ചെയ്യുന്നു. ഓരോരുത്തര്‍ക്കും അവരര്‍ഹിക്കുന്നതേ കിട്ടൂ എന്ന ചൊല്ല് ഇവിടെ കൂടുതല്‍ പ്രസക്തമാണ്!
ദൈവത്തെ നന്മയുടെയും സുഗന്ധത്തിന്റേയും പരമോന്നത ഉറവിടമായി കണക്കാക്കാനാണ് മനുഷ്യന്റെ ബുദ്ധിയും വികാരവും താല്‍പര്യപ്പെടുന്നത്. അതുകൊണ്ടാണല്ലോ ഗ്രന്ഥകാരനും ഇങ്ങനെ എഴുതിയത്: "വുഡി അലന്റെ (Woody Allen) വാക്കുകള്‍ തന്റെ കാതില്‍ ഇപ്പോഴും മുഴങ്ങുന്നുവെന്ന് ഡോക്കിന്‍സ് പറയുന്നു: "ഒരു ദൈവം ഉണ്ടെന്ന് തെളിയുന്നുവെന്നിരിക്കട്ടെ; അവന്‍ ഒരിക്കലും തിന്മയായിരിക്കില്ല. ദൈവത്തെക്കുറിച്ച് നമുക്ക് പറയാന്‍ കഴിയുന്ന ഏറ്റവും മോശം കാര്യം അവന്‍ സ്വന്തം കഴിവനുസരിച്ച് നേട്ടമുണ്ടാക്കാത്ത ഒരാളാണ് (Under Achiever) എന്നായിരിക്കും.''(35)
ദൈവം ഒരിക്കലും തിന്മയായിരിക്കില്ല എന്ന് നിരീശ്വരവാദിയായ ഡോക്കിന്‍സിന്റെ കാതില്‍ മുഴങ്ങുന്നുണ്ടെങ്കില്‍ ദൈവശാസ്ത്രജ്ഞനായ തോമസ് അക്വിനാസ് ദൈവത്തെ നന്മയുടെ പരമഘട്ടമായി സിദ്ധാന്തിച്ചത് തികച്ചും സ്വാഭാവികമല്ലേ?
അഞ്ച്: പ്രാപഞ്ചികാസൂത്രണം

ആസൂത്രണം സംബന്ധിച്ച അക്വിനാസിന്റെ തെളിവ് അഞ്ചാമത്തേതാണ്. ഗ്രന്ഥകാരന്റെ വിവരണം ഇങ്ങനെ: "പ്രപഞ്ചത്തിലെ ഏതു വസ്തു നിരീക്ഷിച്ചാലും അവയുടെയൊക്കെ പിന്നില്‍ ഒരു ആസൂത്രണബുദ്ധി (Designing intelligence) ഉണ്ടെന്ന് ബോധ്യപ്പെടും. അങ്ങനെ വരുമ്പോള്‍ പ്രപഞ്ചത്തിന് ഒരു പൊതുസൂത്രധാരനുണ്ട്; അതാണ് ദൈവം.''(36)
പ്രപഞ്ചത്തില്‍ എവിടെ നോക്കിയാലും ആസൂത്രണം ദൃശ്യമാണ്. സൂക്ഷ്മമായി നോക്കുന്തോറും ഇതിന്റെ സങ്കീര്‍ണത കൂടിവരും. അണു മുതല്‍ നക്ഷത്രം വരെയും കോശം മുതല്‍ മസ്തിഷ്കം വരെയും ആസൂത്രണവൈഭവം നിറഞ്ഞുകവിയുകയാണ്. (37) ചുള്ളിക്കമ്പുകളും ചപ്പുചവറുകളും വിതറിയപോലെയല്ല പ്രപഞ്ചം. വഴിയില്‍ അനാഥമായി കിടക്കുന്ന ഒരു വാച്ച് കണ്ടാല്‍ അത് ആരുണ്ടാക്കിയെന്ന് അറിയാത്തതുകൊണ്ടുമാത്രം ആരും വാച്ച് തനിയെ ഉണ്ടായതാകാമെന്ന് കരുതാറില്ല. ആസൂത്രിതമായ ഈ പ്രപഞ്ചവും അതിലെ വിസ്മയകരമായ പ്രതിഭാസങ്ങളും യാദൃച്ഛികമായുണ്ടായെന്ന് കരുതുന്ന നിരീശ്വരവാദിയും വാച്ചിന് നിര്‍മാതാവുണ്ടെന്ന് ഉറച്ചു വിശ്വസിക്കും. പ്രകൃതിയൊന്നാകെ യാദൃച്ഛികമായി രൂപപ്പെടാമെങ്കില്‍ ഒരു വാച്ച് യാദൃച്ഛികമായി ഉണ്ടായിക്കൂടേ? എന്തുകൊണ്ടാണ് ഒരു നിരീശ്വരവാദിപോലും അങ്ങനെ വിചാരിക്കാത്തത്? വാച്ച് ആരെങ്കിലും നിര്‍മിച്ചതാണെന്നതിന് 'മൂര്‍ത്തമായ' യാതൊരു തെളിവും കിട്ടിയില്ലെന്ന് സങ്കല്‍പിക്കുക. എങ്കില്‍ അത് യാദൃച്ഛികമായുണ്ടായതാണെന്ന് വാദിക്കാന്‍ ധൈഷണികമായോ വൈകാരികമായോ ധൈര്യമുള്ള ഒരു നിരീശ്വരവാദിയെങ്കിലും ഭൂലോകത്തുണ്ടാവുമോ?
ആസൂത്രണവും ഡാര്‍വിനും

അക്വിനാസിന്റെ അഞ്ചാമത്തെ തെളിവിനെക്കുറിച്ച് ഡോക്കിന്‍സിന് എന്ത് പറയാനുണ്ടെന്ന് നോക്കാം. ഗ്രന്ഥകാരന്‍ കുറിക്കുന്നു: "ഈ വാദമാണ് ഏറ്റവും ഫലപ്രദമായ വാദമായി മതവാദികള്‍ സ്ഥിരമായി ഉപയോഗിച്ചുവരുന്നത് (The Knockdown Argument). കേംബ്രിഡ്ജില്‍ പഠിക്കുന്ന സമയത്ത് ചാള്‍സ് ഡാര്‍വിന്‍ ഒരുവേള ഈ വാദത്തില്‍ ആകൃഷ്ടനായിരുന്നുവത്രെ. വില്യം പാലെയുടെ 'നാച്ചുറല്‍ തിയോളജി' (Natural Theology by William Paley) എന്ന ഗ്രന്ഥത്തിലാണ് ഡാര്‍വിന്‍ ഇതു വായിച്ചത്. പക്ഷേ, മുതിര്‍ന്നപ്പോള്‍ ഈ സിദ്ധാന്തത്തോടുള്ള ബഹുമാനം ഡാര്‍വിന്‍ പൂര്‍ണമായും ഉപേക്ഷിച്ചു. പില്‍ക്കാലത്ത് ഡാര്‍വിന്‍ ഇതേ ആസൂത്രണവാദം തകര്‍ത്തെറിയുകയായിരുന്നു.''(38)
ഈ വിവരണത്തിലെ അവസാനവരി പരിണാമവാദികള്‍ കെട്ടിച്ചമച്ച മിത്തുമാത്രമാണ്. ഡാര്‍വിന് പാലെയുടെ ആസൂത്രണവാദത്തിന് ഒരു പോറല്‍പോലും ഏല്‍പിക്കാനായിട്ടില്ല.(39)
പ്രകൃതിയില്‍ കാണുന്ന ആസൂത്രണം ദൈവത്തിന്റെ സംവിധാനമാണെന്ന ആശയത്തെ ഡാര്‍വിന്‍ ദുര്‍ബലമാക്കിയെന്ന ഡോക്കിന്‍സിന്റെ വാദം അബദ്ധമാണെന്ന് ഡാര്‍വിനിസംതന്നെ തെളിയിക്കുന്നുണ്ട്. ഗ്രന്ഥകാരന്റെ ഈ വാക്കുകള്‍ നോക്കൂ: "പ്രകൃതിപരമായ തെരെഞ്ഞെടുപ്പ് വഴിയുള്ള പരിണാമം എന്ന ഡാര്‍വിനിന്റെ സിദ്ധാന്തം മുന്‍കൂട്ടി ആസൂത്രണം ചെയ്യാതെ, സാഹചര്യങ്ങള്‍ക്കനുസരണമായി സൃഷ്ടി ഉരുത്തിരിയുന്നതെങ്ങനെയെന്ന് തൃപ്തികരമായി വിശദീകരിക്കുന്നു.''(40)
'തൃപ്തികരമായി' വിശദീകരിക്കുന്നില്ലെന്നു മാത്രമല്ല, സാമാന്യമായിപോലും വിശദീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പ്രകൃതിനിര്‍ധാരണം ജീവലോകത്ത്മാത്രം നടക്കുന്ന പ്രക്രിയയാണ്. ജീവികളില്‍ മാത്രമല്ല അചേതനലോകത്തും ആസൂത്രണമുണ്ട്. ജീവലോകത്തെ ആസൂത്രണം പ്രകൃതിനിര്‍ധാരണം വഴി വിശദീകരിക്കാമെങ്കില്‍ അചേതനലോകത്തെ ആസൂത്രണം എങ്ങനെ വിശദീകരിക്കും? ഡാര്‍വിനിസത്തിന് സമാനമായ ഒരു 'അചേതന ഡാര്‍വിനിസം' ഇതുവരെയും മുന്നോട്ടുവെക്കാന്‍ നിരീശ്വരവാദികള്‍ക്കായിട്ടില്ല. കോശം മാത്രമല്ല അണുകണങ്ങളും തന്മാത്രകളും ആസൂത്രണത്തിന്റെ മികച്ച ദൃഷ്ടാന്തങ്ങളാണ്. ഇവയിലെ ആസൂത്രണം പ്രകൃതിനിര്‍ധാരണം വഴിയുണ്ടായതാണെന്ന് നിരീശ്വരവാദികള്‍ പറയാറില്ല. പിന്നെങ്ങനെയുരുത്തിരിഞ്ഞുവെന്നതിന് തൃപ്തികരമായ യാതൊരു വിശദീകരണവും അവര്‍ക്കില്ല.
പ്രാഥമികയുക്തി

ആസൂത്രിതമായ പ്രപഞ്ചത്തിന് തൃപ്തികരമായ വിശദീകരണം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗ്രന്ഥകാരന്‍ എഴുതുന്നു: "നൂറ്റാണ്ടുകളായി മനുഷ്യബുദ്ധിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി പ്രപഞ്ചത്തിന്റെ വിശദീകരണമാണ്.''(41) വെല്ലുവിളിയാകുന്നതിന്റെ കാരണവും അദ്ദേഹം തൊട്ടടുത്ത വരിയില്‍ വ്യക്തമാക്കുന്നു: "ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണ് പ്രപഞ്ചം.''(42) പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നു എന്ന വസ്തുത ഗ്രന്ഥകാരനും സമ്മതിക്കുന്നു. മതവിശ്വാസികള്‍ക്ക് അങ്ങനെ തോന്നുന്നതുകൊണ്ടാണ് ആസൂത്രകനായ ദൈവത്തില്‍ അവര്‍ വിശ്വസിക്കുന്നത്. മതവിശ്വാസികളുടെ ഈ ധാരണ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് പറയാനാവില്ലെന്നര്‍ഥം. നിരീശ്വരവാദികള്‍ക്ക് പോലും പ്രപഞ്ചം 'ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നു'വെങ്കില്‍ നിഷ്പക്ഷരും നിഷ്കളങ്കരുമായ സാമാന്യ മതവിശ്വാസികള്‍ക്ക് അങ്ങനെ തോന്നാതിരിക്കുമോ? പക്ഷേ പ്രശ്നം മറ്റൊന്നാണ്. പ്രപഞ്ചത്തില്‍ ആസൂത്രണം അടങ്ങിയിട്ടുള്ളതുകൊണ്ടാണല്ലോ അങ്ങനെ തോന്നുന്നത്. ഈ ആസൂത്രണം സ്രഷ്ടാവായ ആസൂത്രകന്റെ സൃഷ്ടിയാണോ അതോ പ്രപഞ്ചത്തില്‍ സ്വയമേവ ഉരുത്തിരിഞ്ഞതാണോ എന്നതാണ് തര്‍ക്കവിഷയം. "പ്രപഞ്ചകാരണം ആസൂത്രണം തന്നെയെന്നു ചിന്തിക്കാനാണ് പ്രാഥമികയുക്തിയില്‍ തോന്നുക. മനുഷ്യനുണ്ടാക്കിയ ഒരു വാച്ചിന്റെ സ്രഷ്ടാവ് ബുദ്ധിയും വൈദഗ്ധ്യവുമുള്ള ഒരാളാണ്. നേത്രത്തിന്റെ കാര്യത്തിലും ചിറകിന്റെ കാര്യത്തിലും അതേ തത്ത്വം ശരിയാണെന്നു പറയാന്‍ പ്രലോഭനമുണ്ടാകും'' എന്നാണ് ഗ്രന്ഥകാരന്‍ കുറിക്കുന്നത്.(43)
പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നല്ല ഇല്ലെന്നാണ് പ്രാഥമികയുക്തിയില്‍ തോന്നുക. പ്രത്യക്ഷത്തില്‍ സ്രഷ്ടാവിനെ കാണുന്നില്ല എന്നതുതന്നെ കാരണം (വാച്ചിന്റെ കാര്യത്തില്‍ ആസൂത്രണവും ആസൂത്രകനും പ്രത്യക്ഷത്തിലേ കാണപ്പെടുന്നു). ഈ പ്രത്യക്ഷജ്ഞാനത്തിനപ്പുറം പോകാന്‍ കഴിവില്ലാത്തവരാണ് നിരീശ്വരവാദികള്‍. മനുഷ്യനൊഴിച്ച് മറ്റു ജീവികളെല്ലാം ഈ ജ്ഞാനനിലവാരത്തിലാണുള്ളത്. പ്രത്യക്ഷജ്ഞാനത്തിനപ്പുറം പോകാനുള്ള സ്വയം ശേഷി മറ്റു ജീവികള്‍ക്കില്ല. അതുകൊണ്ടാണ് മനുഷ്യന്‍ ചെയ്യുന്നതുപോലെ ആരാധനാലയങ്ങള്‍ ഉണ്ടാക്കാനോ ഉപാസനകള്‍ നടത്താനോ കാളയും പോത്തുമൊന്നും മുതിരാത്തത്. മനുഷ്യര്‍ പൊതുവേ ഈ നിലയില്‍ നിന്നും ഉയരാനും പരോക്ഷജ്ഞാനം ആര്‍ജ്ജിക്കാനും സ്വയം ശേഷിയുള്ളവരാണ്. മറ്റു ജീവികളേക്കാള്‍ വലിയ മസ്തിഷ്കം നല്‍കപ്പെട്ടതുകൊണ്ടാണ് ഇതു സാധ്യമായത്. ഇതാണ് പൊതു യാഥാര്‍ഥ്യമെങ്കിലും അപവാദങ്ങളാണ് നിരീശ്വരവാദികള്‍. അവര്‍ പ്രത്യക്ഷജ്ഞാന നിലവാരത്തില്‍ തന്നെയാണ് നിലകൊള്ളുന്നത്. മറ്റു ജീവികളെപ്പോലെ ആരാധനയും ഉപാസനകളും ഉള്‍കൊള്ളാനുള്ള മാനസികവളര്‍ച്ച നേടാത്തവരാണവര്‍. എന്നാല്‍ അതിനുള്ള സ്വയംശേഷി അവര്‍ക്കുമുണ്ട് എന്നതുകൊണ്ട് നിരീശ്വരവാദികളില്‍ ഒട്ടേറെപേര്‍ കാലാന്തരത്തില്‍ മതത്തിലേക്ക് മടങ്ങുന്നതായി കാണാം. അതിനാല്‍, വിശ്വാസികളല്ല, നിരീശ്വരവാദികളാണ് പ്രത്യക്ഷ-പ്രാഥമികയുക്തിയുടെ തടവുകാര്‍.
പ്രപഞ്ചത്തിലെ ആസൂത്രണം അതിനു പിന്നിലെ ആസൂത്രകനെ അംഗീകരിക്കാന്‍ മനുഷ്യനെ 'പ്രലോഭിപ്പി'ക്കും എന്ന് ഗ്രന്ഥകാരന്‍ സമ്മതിക്കുന്നു. പ്രപഞ്ചത്തിലെ ആസൂത്രണവും മനുഷ്യന്റെ വിശേഷബുദ്ധിയും പ്രലോഭിപ്പിച്ചാലും ഞങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ല എന്ന നിലപാടാണ് നിരീശ്വരവാദികളുടെതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. "പക്ഷേ, ആ പ്രലോഭനം വഴിതെറ്റിക്കുന്ന ഒന്നാണ്'' എന്ന് ഉല്‍പത്തി പുസ്തകത്തിന്റെ ഭാഷയില്‍ തന്നെ ഗ്രന്ഥകാരന്‍ കുറിക്കുന്നു (ഉല്‍പത്തി പുസ്തകത്തിന്റെ ഭാഷ മതവിശ്വാസികള്‍ ഉപയോഗിക്കുന്നതിലാണ് അവര്‍ക്ക് വിയോജിപ്പ്!)
ഡാര്‍വിന്‍ ഔട്ട്

ആസൂത്രണത്തില്‍ നിന്നും ആസൂത്രകനിലേക്ക് ചാടരുതെന്നാണ് ഗ്രന്ഥകാരന്റെ ഉപദേശം. "വസ്തുക്കള്‍ മെല്ലെ ഉയരത്തിലെത്തിക്കുന്ന ഒരു ക്രെയിനാണ് (Crane) നമുക്ക് വേണ്ടത്. അതല്ലാതെ ആകാശത്തിലേക്ക് ഞൊടിയിടയില്‍ നമ്മെ വലിച്ചെറിയുന്ന ഒരു സ്കൈ ഹുക്കല്ല (Sky hook). ക്രെയിനിലൂടെ മാത്രമെ സാവധാനത്തിലും ക്രമനിബദ്ധവുമായി ലാളിത്യത്തില്‍ നിന്ന് സങ്കീര്‍ണതയിലേക്കുള്ള പരിണാമം വിശദീകരിക്കാനാവൂ. ഡാര്‍വിനുപയോഗിച്ചത് അത്തരമൊരു ക്രെയിനാണ്.''(44)
ശരിയാകാം. പക്ഷേ ഡാര്‍വിന്‍ ഉപയോഗിച്ച ക്രെയിന്‍തന്നെ ദൈവവും ആസൂത്രണത്തിന് ഉപയോഗിക്കണമെന്ന വാശി യുക്തിസഹമാണോ? പ്രപഞ്ചത്തിന്റെ ആസൂത്രണത്തിന് ഡാര്‍വിന്‍ ഉപയോഗിച്ച ക്രെയിന്‍ പ്രയോജനകരമല്ലെന്നിരിക്കെ വിശേഷിച്ചും! ഇക്കാര്യം ഗ്രന്ഥകാരന്‍ തന്നെ സമ്മതിക്കുന്നത് കാണുക: "ഇന്നുവരെ കണ്ടുപിടിക്കപ്പെട്ടതില്‍വെച്ച് ഏറ്റവും അര്‍ഥവത്തായതും യുക്തിസഹമായതുമായ ക്രെയിന്‍ ഡാര്‍വിന്റെ പരിണാമസിദ്ധാന്തമാകുന്നു... എന്നാല്‍ ഡാര്‍വിന്‍ അവതരിപ്പിച്ചതുപോലൊരു ക്രെയിന്‍ ഭൌതികശാസ്ത്രത്തില്‍ ഇനിയും കണ്ടെത്താനായിട്ടില്ല.'' (45)
ഡാര്‍വിന്റെ ക്രെയിന്‍ ഭൌതിക പദാര്‍ഥങ്ങളുടെ പ്രക്രിയയില്‍ പ്രയോഗിക്കാനാവില്ലെന്ന് ഗ്രന്ഥകാരന്‍ തന്നെ സമ്മതിച്ചിരിക്കെ ദൈവത്തിലേക്ക് തിരിയുന്ന മതവിശ്വാസികളെ എന്തിനു ഭത്സിക്കണം? ഭൌതികലോകത്ത് അവരുടെ വാദങ്ങള്‍ ഇപ്പോഴും പ്രസക്തമാണെന്നല്ലേ ഇതിനര്‍ഥം?
ഭൌതികശാസ്ത്രത്തില്‍ ദൈവത്തെ 'അട്ടിമറി'ക്കാവുന്ന ക്രെയിന്‍ ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്ന് കരുതി ആരും ദൈവവിശ്വാസത്തില്‍ ചെന്ന് ചാടരുതെന്ന് ഗ്രന്ഥകാരന്‍ മുന്നറിയിപ്പ് തരുന്നുണ്ട്. അദ്ദേഹം നിരീശ്വരാന്ധവിശ്വാസികളെ ആശ്വസിപ്പിക്കുന്നതിങ്ങനെയാണ്. "ഭൌതികശാസ്ത്രത്തിലും പരിണാമവാദത്തെപ്പോലൊരു ക്രെയിന്‍ ഉയര്‍ന്നുവരുമെന്നുള്ള ആശ നാം കൈവിടരുത്. പരിണാമ സിദ്ധാന്തത്തിനു തുല്യമല്ലെങ്കിലും അതിനു സമാനമായി ഭൌതികശാസ്ത്രത്തില്‍ ഇന്ന് നിലവിലിരിക്കുന്ന ദുര്‍ബല സിദ്ധാന്തങ്ങളെല്ലാം തന്നെ (ആന്ത്രോപിക്, മള്‍ട്ടിവേഴ്സ് സങ്കല്പങ്ങള്‍) ആരോ ഒറ്റയടിക്ക് സൃഷ്ടിച്ചുവെന്ന് വാദിക്കുന്ന ആസൂത്രണവാദത്തേക്കാള്‍ എന്തുകൊണ്ടും മികച്ചതാണ്. ഈ വസ്തുതകളെല്ലാം പരിഗണിച്ചാല്‍ ദൈവത്തിന്റെ അസ്തിത്വം സംബന്ധിച്ച എല്ലാ അനുമാനങ്ങളും റദ്ദാക്കപ്പെടുമെന്ന് ഡോക്കിന്‍സ് പറയുന്നു.''(46)
'ദുര്‍ബല സിദ്ധാന്തങ്ങളെ' അടിസഥാനമാക്കിയായാലും ദൈവത്തെ 'അട്ടിമറി'ച്ചാല്‍ മതിയെന്ന ആഗ്രഹം ഡോക്കിന്‍സിന് കലശമാണ്. പരിഹാസ്യനാകാനേ ഇത്തരം ആഗ്രഹചിന്തകള്‍ ഉപകരിക്കൂ എന്ന കാര്യം അദ്ദേഹത്തിന് ഗ്രാഹ്യമായിട്ടില്ല!
രസകരമായ കാര്യം മറ്റൊന്നാണ്. ദൈവത്തെ 'അട്ടിമറി'ക്കാന്‍ സഹായകമായ സിദ്ധാന്തങ്ങളാണ് ആന്ത്രോപിക്, മള്‍ട്ടിവേഴ്സ് സങ്കല്‍പങ്ങള്‍ എന്ന് മേല്‍ സൂചിപ്പിച്ച ഗ്രന്ഥകാരന്‍തന്നെ മറ്റൊരിടത്ത് എഴുതുന്നത് നോക്കൂ: "മാര്‍ട്ടിന്‍ റീസിന്റെ ആന്ത്രോപിക് സിദ്ധാന്തവും സ്മോലിന്റെ മള്‍ട്ടിവേഴ്സ് സങ്കല്‍പവും പരിഗണിക്കുമ്പോള്‍ എല്ലാം ആസൂത്രണം ചെയ്ത ഒരു ശക്തിയുണ്ടെന്ന് സമ്മതിച്ചാല്‍തന്നെ ആ ശക്തി മറ്റേതെങ്കിലും പ്രപഞ്ചത്തിലുണ്ടായ ഡാര്‍വിനിസ്റ് മാതൃകയിലുള്ള പരിണാമത്തിന്റെ ആത്യന്തികഫലമായി ഉണ്ടായതാണെന്ന് വിഭാവനം ചെയ്യാനാണ് ഡോക്കിന്‍സിന് താല്‍പര്യം.''(47) ആന്ത്രോപിക് സിദ്ധാന്തവും മള്‍ട്ടിവേഴ്സ് സങ്കല്‍പവും പ്രപഞ്ചം ആസൂത്രണം ചെയ്ത ഒരു ശക്തിയിലേക്ക് വിരല്‍ചൂണ്ടുന്നുവെന്ന് ഇവിടെ സൂചിപ്പിച്ച ഗ്രന്ഥകാരന്‍ തന്നെയാണ് ഇതേ സിദ്ധാന്തങ്ങള്‍ ഭൌതികപ്രപഞ്ചത്തില്‍നിന്നും ദൈവത്തെ 'അട്ടിമറി'ക്കുന്നുവെന്നും വാദിക്കുന്നത്! ഒരേ സിദ്ധാന്തങ്ങള്‍ ഒരേസമയം (അതോ രണ്ട് സന്ദര്‍ഭങ്ങളിലോ?) ദൈവത്തെ സ്ഥാപിക്കുകയും അട്ടിമറിക്കുകയും ചെയ്യുന്നു!
പരിണാമസിദ്ധാന്തം ജൈവലോകത്തിനു പുറത്ത് ദൈവത്തെ 'അട്ടിമറി'ക്കാന്‍ പര്യാപ്തമല്ലെന്ന് മറ്റൊരിടത്തും സമ്മതിച്ചിട്ടുണ്ട്: "പരിണാമവാദവും പ്രകൃതിനിര്‍ധാരണവും ഒരുപക്ഷേ, ജൈവലോകത്തിനു ബാഹ്യമായ (ചീിആശീഹീഴശരമഹ) പ്രപഞ്ച സംഭവങ്ങള്‍ വിശദീകരിക്കാന്‍ പര്യാപ്തമായേക്കില്ല.''(48)
മറ്റൊരിടത്ത് ഗ്രന്ഥകാരന്‍ കുറിക്കുന്നു: "ഒരിക്കല്‍ ജീവന്‍ ഉത്ഭവിച്ചു കഴിഞ്ഞാല്‍ ശേഷം നടക്കുന്ന പരിണാമം വിശദീകരിക്കുന്നതും ജീവനില്ലാത്ത അവസ്ഥയില്‍നിന്ന് ജീവനുണ്ടായത് വിശദീകരിക്കുന്നതും രണ്ടും രണ്ടാണ്. പരിണാമസിദ്ധാന്തത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ ജീവോല്‍പത്തിയുടെ കാര്യത്തില്‍ പ്രസക്തമല്ല.''(49)
ജീവന്‍ ഉല്‍ഭവിച്ചത് വിശദീകരിക്കാന്‍ പരിണാമസിദ്ധാന്തത്തിനാകില്ല എന്ന് ഗ്രന്ഥകാരന്‍ സമ്മതിച്ചല്ലോ. ചുരുക്കത്തില്‍ ജീവശാസ്ത്രത്തില്‍പോലും ഭാഗികമായ പ്രസക്തിയേ പരിണാമസിദ്ധാന്തത്തിനുള്ളൂവെന്നര്‍ഥം. പരിണാമസിദ്ധാന്തവുമായി ദൈവത്തെ കടപുഴക്കാന്‍ ഇറങ്ങിയ ഡോക്കിന്‍സ് മണ്‍വെട്ടിയുമായി ഹിമാലയം നിരത്താനിറങ്ങുന്നയാളേക്കാള്‍ സഹതാപമര്‍ഹിക്കുന്നു.
മറ്റൊരിടത്ത് ഗ്രന്ഥകാരന്‍ കുറിക്കുന്നു: "പരിണാമവാദം ജീവശാസ്ത്രത്തിലെങ്കിലും ആസൂത്രണത്തെ തകര്‍ത്തുകളയുന്നുണ്ട്.''(50) കഷ്ടം! ജീവശാസ്ത്രത്തിന് പുറത്ത് അസംഖ്യം മേഖലകളുണ്ടല്ലോ. അവയിലൊന്നും ആസൂത്രണത്തെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗ്രന്ഥകാരന് തന്നെ സമ്മതിക്കേണ്ടിവന്നുവെന്നര്‍ഥം. ചുരുക്കത്തില്‍ ജീവശാസ്ത്രത്തിലൊഴിച്ച് മറ്റനേകം ശാസ്ത്രശാഖകളില്‍ ആസൂത്രണവാദം ഇപ്പോഴും പ്രസക്തമായി തുടരുന്നുവെന്ന് നിരീശ്വരവാദികളുടെ തന്നെ വാദത്തില്‍നിന്നും ഗ്രഹിക്കാനായല്ലോ. ഇവയില്‍ നിന്നെല്ലാം ആസൂത്രണവാദത്തെ കെട്ടുകെട്ടിക്കാന്‍ എന്താ ചെയ്ക? ഒന്നും ചെയ്യാന്‍ നിവൃത്തിയില്ലെങ്കിലും ഗ്രന്ഥകാരന്‍ പ്രതീക്ഷ ('വ്യാമോഹം' എന്നതാണ് ശരിയായ പ്രയോഗം) കൈവിടുന്നില്ല. അദ്ദേഹം കുറിക്കുന്നു: "ബഹിരാകാശശാസ്ത്രത്തിലും മറ്റ് ഭൌതികശാസ്ത്രങ്ങളിലും സമാനമായ ആസൂത്രണവാദങ്ങളെ സംശയത്തോടെ സ്വീകരിക്കാനും മറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് തുടക്കമിടാനും പരിണാമസിദ്ധാന്തം പ്രേരകമായിട്ടുമുണ്ട്.''(51) മറ്റു ശാസ്ത്രശാഖകളില്‍നിന്നും ആസൂത്രണവാദത്തെ 'തകര്‍ത്തുകളയാനു'ള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂവെന്നര്‍ഥം. ഡാര്‍വിന്റെ കൃതി പുറത്തിറങ്ങിയ 1859ല്‍ തുടങ്ങിയെന്ന് കരുതാമെങ്കിലും ഇപ്പോഴും 'തുടക്ക'ത്തില്‍തന്നെ തുടരുകയാണെന്നാണോ ഗ്രന്ഥകാരന്റെ വാക്കുകളില്‍ നിന്നും ഗ്രഹിക്കേണ്ടത്? ഏതായാലും ഡാര്‍വിനിസം ജീവശാസ്ത്രത്തില്‍ നിന്നും കെട്ടുകെട്ടാന്‍ തുടങ്ങിയ ഇക്കാലത്ത് നിരീശ്വരവാദികള്‍ മറ്റു ശാസ്ത്രശാഖകള്‍ ഡാര്‍വിനിസത്തിന് ഇടം നല്‍കിയേക്കാമെന്ന വ്യാമോഹമെങ്കിലും വെച്ചുപുലര്‍ത്തുന്നത് നന്ന്.
ഗ്രന്ഥകാരന്‍ വിവരിച്ച ഒരു ശാസ്ത്രകഥ ഇവിടെ വ്യക്തമാണ്: "ഒരു ബഹിരാകാശസഞ്ചാരി ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നു. പെട്ടെന്ന് ഗൃഹാതുരത്വം മൂത്ത് അയാള്‍ വിളിച്ചുപറയുന്നു: "ഓ! ഇപ്പോള്‍ ഭൂമിയില്‍ വസന്തകാലമായിരിക്കും!'' എന്താണ് ഈ വാക്കുകളില്‍ കുഴപ്പമെന്നായിരിക്കും ചോദ്യം. ഒരു കുഴപ്പവുമില്ല. ഭൂമിയില്‍ എവിടെയാണ് വസന്തം എന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. തന്റെ സ്വദേശമായിരിക്കും തീര്‍ച്ചയായും സഞ്ചാരി ഉദ്ദേശിച്ചത്. പക്ഷേ, ഭൂമിയെ നിരന്തരം വലംവെക്കുകയാണയാള്‍. ഭൂമി ഒന്നാകെയെടുക്കുമ്പോള്‍ ഒരിടത്തെ വസന്തം മറ്റൊരിടത്ത് ശൈത്യമാണ്; ഒരേസമയം എല്ലാ ഋതുക്കളും ഭൂഗോളത്തില്‍ സംഭവിക്കുന്നു. വിശാലമായ ഒരു ജ്ഞാനതലം നിര്‍മിച്ചിരുന്നുവെങ്കില്‍ അങ്ങനെയൊരു വാചകം അയാള്‍ പറയില്ലായിരുന്നു. ബഹിരാകാശത്തിലായാലും സ്വന്തം ദേശം അയാളുടെ അബോധമനസ്സിനെ ഭരിക്കുന്നതായാണ് നാം കാണുന്നത്. ഇതൊരു സ്വയം പരിമിതപ്പെടലാണ്.''(52)
റിച്ചാഡ് ഡോക്കിന്‍സിന്റെ അവസ്ഥ ഈ ബഹിരാകാശ സഞ്ചാരിയേക്കാള്‍ ദയനീയമാണ്. ആകെകൂടി വിവരമുള്ളത് ജീവശാസ്ത്രത്തിലാണ്. എന്നാല്‍ ഗോളശാസ്ത്രം, തത്ത്വചിന്ത, മനഃശാസ്ത്രം, രാഷ്ട്രമീമാംസ, മാധ്യമപഠനം, പുരാവസ്തുശാസ്ത്രം, ഭാഷാശാസ്ത്രം... തുടങ്ങി തനിക്ക് യാതൊരു പിടിപാടുമില്ലാത്ത നിരവധി മേഖലകളെപ്പറ്റി വമ്പന്‍ വിലയിരുത്തലുകള്‍ നടത്തുന്നതില്‍ ഡോക്കിന്‍സിന് യാതൊരു മടിയും ഉണ്ടായില്ല. ജീവശാസ്ത്രം അബോധമനസ്സിനെ മാത്രമല്ല ബോധമനസ്സിനെയും ഭരിക്കുന്നതായി ഡോക്കിന്‍സ് തെളിയിക്കുന്നു. പ്രപഞ്ചം മുഴുവന്‍ പ്രകൃതിനിര്‍ധാരണത്താല്‍ വിശദീകരിക്കാനാവും എന്ന മഠയധാരണയെ താലോലിക്കുന്ന ഡോക്കിന്‍സിനേക്കാള്‍ എത്രയോ ഭേദമാണ് ബഹിരാകാശസഞ്ചാരിയുടെ തെറ്റുധാരണകള്‍!
(തുടരും)

കുറിപ്പുകള്‍:
22. പേജ് 90
23. പേജ് 91
24. പേജ് 90
25. പേജ് 90
26. ദൈവവും സമയവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ദാര്‍ശനികവും ശാസ്ത്രീയവുമായ ചര്‍ച്ചകള്‍ക്ക് William Craig, God, Time and Eternity (Kluwar Accademic Publishers) 2001.
27. പേജ് 153
28. പേജുകള്‍ 153-154
29. പേജ് 147
30. പേജുകള്‍ 203-204
31. പേജ് 204
32. പേജ് 93
33. പേജ് 92
34. പേജ് 92
35. പേജ് 133
36. പേജ് 92
37. ആധുനികശാസ്ത്രത്തിന്റെ ആരംഭകാലത്ത് പ്രകൃതിയിലെ ആശ്ചര്യകരമായ ആസൂത്രണം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പ്രകൃതിയെ കീഴടക്കുകയും ചൂഷണം ചെയ്യുകയുമായിരുന്നു അന്നത്തെ ശാസ്ത്രത്തിന്റെ മുഖ്യധര്‍മങ്ങള്‍. എന്നാല്‍ ഈ ലക്ഷ്യങ്ങള്‍ക്ക് തിരിച്ചടിയുണ്ടായതോടെ ഭൌതികപ്രമത്തരായ ശാസ്ത്രജ്ഞര്‍ പ്രകൃതിയെ മനസ്സിലാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പ്രാപഞ്ചികാസൂത്രണം ഗ്രഹിക്കാനും പ്രപഞ്ചാതീത ശക്തിയിലേക്ക് തിരിയാനും ഇത് വഴിയൊരുക്കി. പ്രാപഞ്ചികാസൂത്രണം പ്രതിപാദിക്കുന്ന ചില കൃതികള്‍: Johnson and Mooreland, The Creation
Hypothesis: Scientific Evidence for Design in the Universe (Intervarsity Press) 1994, William
Dembski, The Design Inference: Eliminating the chance through small probabilities (Cambridge
University Press) 1998, William Dembski et.al, Mere Creation: Science, Faith and Intelligent Design
(Intervarsity Press) 1998
38. പേജുകള്‍ 92,93
39. ഇതു സംബന്ധമായ ഡോക്കിന്‍സിന്റെ കൃതികളിലെ വാദങ്ങളെ ശാസ്ത്രീയമായി ഖണ്ഡിക്കുന്ന കൃതിയാണ് Dr. Lee Spetners‚ Not by Chance (Judaica Press) 1996.
40. പേജ് 93
41. പേജ് 180
42. പേജ് 180
43. പേജ് 180
44. പേജ് 180
45. പേജ് 180
46. പേജ് 181
47. പേജ് 178
48. പേജ് 126
49. പേജ് 156
50. പേജ് 132
51. പേജ് 132
52. പേജ് 129

No comments: