Tuesday, February 1, 2011

മതവും വിഭ്രാന്തിയും - (5)

മതവും വിഭ്രാന്തിയും
എന്‍. എം. ഹുസൈന്‍
'നാസ്തികനായ ദൈവം' എന്ന കൃതിയുടെ ഖണ്ഡനം ( ഭാഗം - 5 )
റിച്ചാഡ് ഡോക്കിന്‍സിന്റെ കൃതിയുടെ പേര് 'ഗോഡ് ഡെലൂഷന്‍' (God Delusion) എന്നാണല്ലോ. 'ഡെലൂഷന്‍' എന്ന വാക്കിന്റെ സാമാന്യമായ അര്‍ഥം 'മിഥ്യാധാരണ' (False belief or impression)യെന്നാണ്. പെന്‍ഗ്വിന്‍ ഇംഗ്ളീഷ് ഡിക്ഷണറിയിലെ അര്‍ഥമതാണ്. എന്നാല്‍ മനഃശാസ്ത്രത്തില്‍ ഈ വാക്കിന് സാങ്കേതികാര്‍ഥമുണ്ട്. 'മനോവിഭ്രാന്തി'യെന്നാണര്‍ഥം. ഈ രണ്ടര്‍ഥങ്ങളും താനുദ്ദേശിക്കുന്നുവെന്നാണ് ഡോക്കിന്‍സിന്റെ വിവരണത്തില്‍ നിന്നും മനസിലാവുന്നത്. ഗ്രന്ഥകാരന്റെ വിവരണമിതാണ്: "വിഭ്രാന്തി'' (Delusion) എന്ന വാക്ക് താന്‍ ഉപയോഗിക്കാന്‍ കാരണമെന്തെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഈ വാക്കിനുപകരം ‘Relusion’ ഉള്‍പ്പെടെ പല പദങ്ങളും നിര്‍ദേശിക്കപ്പെട്ടിരുന്നു. ഇല്ലാത്ത ഒന്നിനെ ഉണ്ടെന്നു സങ്കല്‍പിച്ചുകൊണ്ട് പെരുമാറുന്ന ഒരാള്‍ക്ക് മനോവിഭ്രാന്തിയുണ്ടെന്ന് നാം പറയും.''(153)
ദൈവവിശ്വാസം മനോവിഭ്രാന്തിയാണെന്നാണ് ഡോക്കിന്‍സിന്റെ വ്യാഖ്യാനമെങ്കിലും മനഃശാസ്ത്രജ്ഞന്മാര്‍ക്ക് അങ്ങനെയൊരു അഭിപ്രായമില്ല. ഒരാള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന കാരണത്താല്‍ മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായി നിരീശ്വരവാദം ഔദ്യോഗിക പ്രത്യയശാസ്ത്രമായി അംഗീകരിച്ച സോവിയറ്റ് റഷ്യയില്‍ നിന്നുപോലും റിപോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. അവിടെ മനോരോഗികളായി മുദ്രകുത്തി ജയിലുകളില്‍ അടക്കപ്പെട്ടവരില്‍ ഏറെപേരും നിരീശ്വവാദികളായ വിമതകമ്യൂണിസ്റുകളായിരുന്നു!
ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് സങ്കല്‍പിക്കുന്നത് മനോരോഗമാണെങ്കില്‍ ഉള്ളതിനെ നിഷേധിക്കുന്നതും മനോരോഗമാകുമല്ലോ. ഈയര്‍ഥമെടുത്താല്‍ സമൂഹം പൊതുവെ ഉണ്ടെന്ന് വിശ്വസിക്കുന്ന ദൈവാസ്തിത്വത്തെ നിഷേധിക്കുന്ന നിരീശ്വരവാദിയല്ലേ മനോരോഗിയാകാന്‍ കൂടുതല്‍ അര്‍ഹന്‍? പക്ഷേ, വിശ്വാസികള്‍ മാന്യന്മാരായതുകൊണ്ട് ദൈവത്തെ നിഷേധിക്കുന്നു എന്ന കാരണത്താല്‍ ആരെയും മനോരോഗികളായി മുദ്രകുത്തിയിട്ടില്ല. എങ്കില്‍, എന്തുകൊണ്ടാണ് ഇക്കാലത്തെ നിരീശ്വരവാദികളില്‍ ചിലര്‍ ദൈവ വിശ്വാസികളെ ഭ്രാന്തന്മാരാക്കാന്‍ മുന്നിട്ടിറങ്ങുന്നത്? സ്വന്തം ദൌര്‍ബല്യങ്ങളില്‍ അധമബോധ (inferiority
complex)മുണ്ടായാല്‍ അത് മറ്റുള്ളവരുടെ മേല്‍ ആരോപിക്കാനുള്ള പ്രവണതയുണ്ടാകാം. മനഃശാസ്ത്രപരമായ ഈ രക്ഷപ്പെടല്‍ തന്ത്രം (defense mechanism) വിഭ്രാന്തവാദമായി അവതരിച്ചതാകാം.
ഇല്ലാത്തതിനെ ഉണ്ടെന്ന് സങ്കല്‍പിച്ച് പെരുമാറുന്നതാണ് വിഭ്രാന്തിയുടെ ലക്ഷണമെങ്കില്‍ ഉള്ളതിനെ ഇല്ല എന്നു സങ്കല്‍പിച്ച് പെരുമാറുന്നതും വിഭ്രാന്തിയുടെ ലക്ഷണമായിരിക്കും. ഗ്രന്ഥകാരന്റെ ഈ വാദം ആധാരമാക്കിയാല്‍ നിരീശ്വരവാദികളെ വിഭ്രാന്തിയുള്ളവരായി കണക്കാക്കേണ്ടിവരും!
നവനാസ്തികന്മാര്‍ സ്വീകരിച്ചിട്ടുള്ള മനോരോഗത്തിന്റെ പുത്തന്‍ നിര്‍വചനം മനഃശാസ്ത്രജ്ഞര്‍ തള്ളിക്കളഞ്ഞതാണ്. മതത്തെ മിഥ്യാധാരണയായി കണ്ട നിരീശ്വരവാദിയായ സിഗ്മണ്ട് ഫ്രോയ്ഡ് പോലും ദൈവവിശ്വാസമോ മതാചാരങ്ങളോ വിഭ്രാന്തിയുടെ ലക്ഷണങ്ങളായി വ്യാഖ്യാനിച്ചിട്ടില്ല. ദൈവത്തെ പിതാവിന്റെ മനശാസ്ത്രപരമായ പ്രൊജക്ഷനായി കണ്ട ഫ്രോയ്ഡ് പോലും മനസ്സിന് സ്വസ്ഥത നല്‍കുന്ന മെക്കാനിസമാണതെന്ന് വ്യക്തമാക്കിയിരുന്നു. ആധുനിക മനഃശാസ്ത്രത്തിന്റെ പിതാവായ വില്യം ജെയിംസ് തുടങ്ങി ഫ്രോയ്ഡിന്റെ ശിഷ്യനായ കാള്‍ യുങ്ങ് അടക്കം പില്‍കാലത്തുവന്ന മനശാസ്ത്ര മഹാരഥന്മാരെല്ലാം മതത്തെ ജീവിതത്തിന്റെ അഭേദ്യഭാഗമായി കണ്ടവരാണ്.
ദൈവവിശ്വാസം മനോവിഭ്രാന്തിയുടെ ലക്ഷണമായി മനഃശാസ്ത്രജ്ഞന്മാര്‍ കണ്ടിരുന്നെങ്കില്‍ ആദ്യം അവര്‍ സ്വയം ചികിത്സ നടത്തുമായിരുന്നു. കാരണം അസംഖ്യം മനശാസ്ത്രജ്ഞന്മാര്‍ ഉറച്ച ദൈവവിശ്വാസികളാണ്. ഗ്രന്ഥകാരന്റെ വാദം ആര്‍ക്കും ബാധകമാക്കാവുന്ന ഒന്നാണ്. വൈരുധ്യാത്മക ഭൌതികവാദ (Dialectical
Materialism)ത്തില്‍ വിശ്വസിക്കുന്ന മാര്‍ക്സിസ്റ്റുകള്‍ പ്രപഞ്ചം മുഴുക്കെ വൈരുധ്യങ്ങള്‍ ഉണ്ടെന്ന് കരുതുന്നു. പ്രപഞ്ചത്തില്‍ വൈരുധ്യങ്ങളില്ലെന്നും വൈവിധ്യങ്ങള്‍ മാത്രമാണുള്ളതെന്നും കരുതുന്ന ഒരാള്‍ക്ക് മാര്‍ക്സിസ്റുകാരെയും 'മനോവിഭ്രാന്തി'ക്കാരാക്കാം. സാമാന്യബുദ്ധിയുള്ളവര്‍ വീക്ഷണ വ്യത്യാസങ്ങളുടെ പേരില്‍ ആരെയും 'മനോവിഭ്രാന്തി'ക്കാരായി മുദ്രകുത്താറില്ല.
റോബര്‍ട്ട് പിര്‍സിഗ് എന്ന മനോരോഗി

ഗ്രന്ഥകാരന്‍ തുടരുന്നു: "മനോവിഭ്രാന്തി കാണിക്കുന്നയാളെ ഭ്രാന്തനെന്ന് വിളിക്കാന്‍ സമൂഹം മടിക്കുന്നില്ല. പക്ഷേ, ഒരു സമൂഹത്തിന് മുഴുവന്‍ മനോവിഭ്രാന്തിയുണ്ടാവുമ്പോള്‍ അതിനെ മതവിശ്വാസം എന്ന ഓമനപ്പേരിട്ട് വിളിക്കുമെന്ന് ഡോക്കിന്‍സ് പ്രസ്താവിക്കുന്നത് റോബര്‍ട്ട് പിര്‍സിഗിനെ ഉദ്ധരിച്ചുകൊണ്ടാണ്.''(154)
നിരീശ്വരവാദിയായ ഡോക്കിന്‍സിന് മതവിശ്വാസികളെ ഭ്രാന്തന്മാരാക്കുന്ന പിര്‍സിഗിന്റെ വാചകങ്ങള്‍ ഹൃദ്യമായത് സ്വാഭാവികമാണ്. പിര്‍സിഗ് ആരാണെന്ന് അന്വേഷിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ വാചകങ്ങള്‍ പരിശോധിക്കാം. ഒരാള്‍ക്ക് മനോവിഭ്രാന്തിയുണ്ട് എന്ന് തീരുമാനിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? മത വിശ്വാസിയാണെന്നതുകൊണ്ട് ആരെയെങ്കിലും മനഃശാസ്ത്രജ്ഞന്മാര്‍ മനോവിഭ്രാന്തിക്കാരായി മുദ്രകുത്തിയിട്ടുണ്ടോ? മതവിശ്വാസികളാണ് എന്നതിനാല്‍ ഏതെങ്കിലും സമൂഹത്തെ മനഃശാസ്ത്രജ്ഞന്മാര്‍ മനോവിഭ്രാന്തക്കാരായി കണക്കാക്കിയിട്ടുണ്ടോ? ഒരിക്കലുമില്ലെന്നതാണ് യാഥാര്‍ഥ്യം. ഇനി, പിര്‍സിഗിന് മനഃശാസ്ത്രവുമായി എന്തെങ്കിലും ബന്ധമുണ്ടോ? റിച്ചാഡ് ഡോക്കിന്‍സിനെപ്പോലുള്ള ഒരു ഓക്സ്ഫഡ് ജീവശാസ്ത്രജ്ഞന്‍ മനഃശാസ്ത്രപരമായ വിലയിരുത്തല്‍ നടത്തുമ്പോള്‍ ആ മേഖലയിലെ ഏതെങ്കിലും വിദഗ്ധരെയായിരിക്കും ആധാരമാക്കുന്നത് എന്നാണ് മറ്റുള്ളവര്‍ ധരിക്കുക. എന്നാല്‍ യാഥാര്‍ഥ്യം മറിച്ചാണ്. ഒരു മനഃശാസ്ത്രജ്ഞന്റെ വാക്കുകള്‍ ഹാജറാക്കുന്നതിനു പകരം ഒരു മനോരോഗിയുടെ ജല്‍പനങ്ങളാണ് അദ്ദേഹം ഉദ്ധരിച്ചത്. 'ഡിപ്രഷന്‍', 'ആംഗ്സൈറ്റി' എന്നീ മനോരോഗങ്ങളുടെ ലക്ഷണങ്ങളുള്ള, 'നെര്‍വസ് ബ്രേക്ക് ഡൌണ്‍' ബാധിച്ച് മനോരോഗാശുപത്രിയില്‍ ചികിത്സിക്കപ്പെട്ട റോബര്‍ട്ട് പിര്‍സിഗിന്റെ വാചകങ്ങളാണ് ഡോക്കിന്‍സ് തന്റെ വീക്ഷണങ്ങള്‍ സമര്‍ഥിക്കാന്‍ ആധികാരികരേഖയായി ഹാജരാക്കുന്നത്! (Wikipedia യിലെ പിര്‍സിഗിനെക്കുറിച്ചുള്ള ലേഖനം). സാമാന്യ ജനങ്ങള്‍ക്ക് ആസ്വാദ്യകരമായതൊന്നും ആസ്വദിക്കാന്‍ പറ്റാത്തയാളും സ്വന്തം വ്യക്തിത്വത്തെപ്പറ്റി ആത്മവിശ്വാസമില്ലാത്തയാളുമായിരിക്കും മനഃശാസ്ത്ര ദൃഷ്ട്യാ ഡിപ്രഷന്‍ ബാധിച്ചയാള്‍. രോഗാതുരമായ പേടിയും ഉല്‍കണ്ഠയും ഉള്ളയാളെ 'ആങ്ങ്സൈറ്റി' മനോരോഗമുള്ള വ്യക്തിയായി മനഃശാസ്ത്രജ്ഞന്മാര്‍ പരിഗണിക്കുന്നു. ഈ രണ്ട് മനോരോഗങ്ങളും ബാധിച്ചിട്ടുള്ള റോബര്‍ട്ട് പിര്‍സിഗാണ് മതവിശ്വാസികള്‍ മനോവിഭ്രാന്തിയുള്ളവരാണെന്ന് അഭിപ്രായപ്പെട്ടത്! ആര്‍ക്കാണ് യഥാര്‍ഥത്തില്‍ മനോവിഭ്രാന്തിയുള്ളതെന്ന് പിര്‍സിഗ് തന്നെ ജീവിതത്തിലൂടെ തെളിയിച്ച കാര്യം ഒരുപക്ഷേ ഡോക്കിന്‍സും ഗ്രന്ഥകാരനും അറിഞ്ഞിട്ടുണ്ടാവില്ല. "ദൈവമില്ലെന്ന് ഏത് ചെകുത്താന്‍ പറഞ്ഞാലും സ്വീകാര്യമാണ്'' എന്ന മട്ടില്‍ നടക്കുന്ന ഇവരുണ്ടോ ഇതൊക്കെ അന്വേഷിക്കുന്നു!
1961 മുതല്‍ 63 വരെ മനോരോഗാശുപത്രികളിലായിരുന്നു പിര്‍സിഗ്. അദ്ദേഹത്തെ പരിശോധിച്ച മനഃശാസ്ത്രജ്ഞന്മാര്‍ പിര്‍സിഗിന് 'സ്കിസോഫ്രേനിയ' ഉള്ളതായും കണ്ടെത്തി. യാഥാര്‍ഥ്യങ്ങള്‍ ശരിയായി ഗ്രഹിക്കാനോ ശരിയായി വ്യക്തമാക്കാനോ സാധിക്കാത്ത മനോരോഗ ലക്ഷണമാണ് സ്കിസോഫ്രേനിയക്കാര്‍ക്കുണ്ടാവുക. ഗ്രഹണ (congnition)ത്തിന്റെ ഈ വൈകല്യം പഞ്ചേന്ദ്രിയങ്ങളെ ബാധിക്കുമെന്നാണ് മനഃശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത്. കാഴ്ച, കേള്‍വി, രുചി, വാസന, സ്പര്‍ശനം എന്നിവയുടെ പ്രവര്‍ത്തനം ശരിയായ വിധത്തിലായിരിക്കില്ലെന്നും മനഃശാസ്ത്രജ്ഞന്മാര്‍ വിധിയെഴുതുന്നു. ഇത്ര മുഴുത്തൊരു മനോവിഭ്രാന്തിക്കാരന്റെ വാചകങ്ങള്‍ തന്നെയാണല്ലോ മതവിശ്വാസികളെ വിഭ്രാന്തിക്കാരാകാന്‍ റിച്ചാഡ് ഡോക്കിന്‍സ് തെരെഞ്ഞെടുത്തത് എന്ന് വായനക്കാര്‍ അത്ഭുതപ്പെട്ടെന്ന് വരാം. 'സെന്‍ ആന്റ് ആര്‍ട്ട് ഓഫ് മോട്ടോര്‍ സൈക്ക്ള്‍ മെയിന്റനന്‍സ്' എന്ന നോവല്‍ പിര്‍സിഗ് രചിച്ചിട്ടുണ്ടെന്നതിനാലാകാം ഡോക്കിന്‍സ് ഈ അമളിയില്‍ പെട്ടത്. പിര്‍സിഗിന്റെ ഏത് വാചകങ്ങള്‍ വിശകലനം ചെയ്താലും ഈ ഗ്രഹണം ആശയവിനിമയ തകരാറ് പ്രതിഫലിക്കുന്നതായി കാണാം. അദ്ദേഹത്തിന്റെ മിക്ക വാചകങ്ങളും അസംബന്ധങ്ങളാണ് (എങ്കില്‍ ഡോക്കിന്‍സ് ഉദ്ധരിച്ചതുമാത്രം മറ്റൊരിനമാവുന്നതെങ്ങനെ?). ഉദാഹരണമായി, പിര്‍സിഗിന്റെ ആശയത്തെ 'പ്രകാശി'പ്പിക്കും വിധം ഗ്രന്ഥകാരന്‍ എഴുതുന്ന ഈ വാചകം നോക്കുക: "മതവിശ്വാസമെന്നത് പരസ്പരധാരണയോടും സമ്മതത്തോടും കൂടി ഒരു ജനത മുഴുവന്‍ വിഭ്രാന്തിക്കടിമപ്പെടുന്നതാണ്''(155)
ഒന്നാമതായി, വിഭ്രാന്തിയെന്നത് സമ്മതത്തിനും പരസ്പരസമ്മതത്തിനും പരസ്പരധാരണക്കും എതിരായ മനോരോഗലക്ഷണമാണ്.
രണ്ടാമതായി, രണ്ട് വിഭ്രാന്തന്മാര്‍ക്കിടയില്‍പോലും പരസ്പരസമ്മതമോ പരസ്പരധാരണയോ ഉണ്ടാകാന്‍ സാധ്യത കുറവാണ്. എങ്കില്‍ വിഭ്രാന്തന്മാരുടെ ഒരു സമൂഹത്തില്‍ ഒരിക്കലും 'പരസ്പര സമ്മതമോ' 'പരസ്പരധാരണയോ' ഉണ്ടാവുകയോ നിലനില്‍ക്കുകയോ ചെയ്യില്ല.
മൂന്നാമതായി, "മതവിശ്വാസമെന്നത് പരസ്പരധാരണയോടും സമ്മതത്തോടും കൂടി ഒരു ജനത മുഴുവന്‍'' നിലനില്‍ക്കുന്ന അവസ്ഥയാണെങ്കില്‍ അവര്‍ക്ക് വിഭ്രാന്തിയില്ലെന്നാണര്‍ഥം.
നാലാമതായി, "പരസ്പരധാരണയോടും സമ്മതത്തോടും കൂടി'' നിലനില്‍ക്കുന്ന ഒരു സമൂഹത്തിന് വിഭ്രാന്തിയുണ്ടെന്ന പ്രസ്താവന മനഃശാസ്ത്രപരമായി അസംബന്ധമാണ്. റോബര്‍ട്ട് പിര്‍സിഗിസ് സ്കിസോഫ്രേനിയ ബാധിച്ചതായി സൈക്യാട്രിസ്റുകള്‍ കണ്ടെത്തിയ കാര്യം മുമ്പ് സൂചിപ്പിച്ചല്ലോ. സ്കിസോഫ്രേനിയയുടെ ഒരു പ്രധാന ലക്ഷണം disordered thinking and disordered language use എന്നതാണ്. അതായത് ചിന്തിക്കുന്നതും പറയുന്നതും അസംബന്ധമായിരിക്കും.
പിര്‍സിഗിന് ഗ്രഹണശേഷിയില്‍ കാര്യമായ തകരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയല്ലോ. പക്ഷേ, ഡോക്കിന്‍സിനും ഗ്രന്ഥകാരനും പിര്‍സിഗിന്റെ വാചകങ്ങളിലെ അസംബന്ധങ്ങള്‍ ഗ്രാഹ്യമാകാത്തതെന്തുകൊണ്ടാണ്? ഈ സംശയത്തിന് കൃത്യമായ ഉത്തരം നല്‍കേണ്ടത് മനഃശാസ്ത്രജ്ഞന്മാരാണ്. അതവര്‍ക്ക് വിടുന്നു. എങ്കിലും പുസ്തകം സൂക്ഷ്മമായി വായിക്കുമ്പോള്‍ മനസ്സിലാവുന്ന ചില കാര്യങ്ങളുണ്ട്. ഗ്രാഹ്യശേഷിയില്‍ (cognitive efficiency) കാണാവുന്ന കമ്മി തന്നെയാണത്. ഏതാനും ഉദാഹരണങ്ങള്‍ താഴെ:
1) "മനുഷ്യന് ഇന്ദ്രിയാതീതമായി ഉയരാന്‍ കഴിയുമെന്ന് വസ്തുനിഷ്ഠമായി ആര്‍ക്കും തെളിയിക്കാനായിട്ടില്ല'' എന്ന് ഗ്രന്ഥകാരനെഴുതുന്നു.(156) വസ്തുനിഷ്ഠമായത് (objective) എന്നതിനര്‍ഥം ഇന്ദ്രിയാധീനമായതെന്നാണ് ഇന്ദ്രിയാധീനമായ നിരീക്ഷണങ്ങള്‍ മാത്രമേ വസ്തുനിഷ്ഠമായി തെളിയിക്കാനാവൂ. ഇന്ദ്രിയാതീതമായി ഉയരാന്‍ കഴിയുമെന്ന് ഒരിക്കലും വസ്തുനിഷ്ഠമായി തെളിയിക്കാനാവില്ല. ഇതൊന്നും വീക്ഷണ വ്യത്യാസങ്ങളുടെ ഫലമല്ല; ഗ്രഹണശേഷിയുടെ തകരാറാണ് വ്യക്തമാക്കുന്നത്.
2) ഈ വരികള്‍ നോക്കൂ: "ഇന്ന് ശാസ്ത്രം മുന്നോട്ട് പോകുന്നത് ഏതെങ്കിലും സ്രഷ്ടാവിനെ സങ്കല്‍പിച്ചുകൊണ്ടല്ല (science is atheistic) അതിഭൌതികവും അതീന്ദ്രിയവുമായ എന്തെങ്കിലും പരിഗണിച്ചുകൊണ്ടല്ല ശാസ്ത്രം മുന്നേറുന്നത്. അതുകൊണ്ടുതന്നെ സ്രഷ്ടാവ് ഉണ്ടോ എന്ന് ശാസ്ത്രം അന്വേഷിക്കേണ്ടതുണ്ട്.''(157) അതീന്ദ്രിയവും അതിഭൌതികവുമായ യാതൊന്നും പരിഗണിക്കാതെ മുന്നേറുന്ന ശാസ്ത്രം അതീന്ദ്രിയവും അതിഭൌതികവുമായ ദൈവം ഉണ്ടോ എന്ന് എങ്ങനെ അന്വേഷിക്കും?~ഒന്നുകില്‍ ശാസ്ത്രം അതീന്ദ്രിയമാവുകയോ അല്ലെങ്കില്‍ ദൈവം ഇന്ദ്രിയാധീനമാവുകയോ ചെയ്യാതെ ഇത് സാധ്യമല്ലല്ലോ.
പിര്‍സിഗിന്റെ വ്യക്തിത്വത്തെ കൂടുതല്‍ ആഴത്തില്‍ വിശകലനം ചെയ്യാന്‍ മുതിരുന്നില്ല. ഏതായാലും പിര്‍സിഗും ഡോക്കിന്‍സും ഇക്കാര്യത്തില്‍ ഒറ്റയ്ക്കല്ല. സാമാന്യബോധമോ വിവരമോ ഇല്ലാത്ത മറ്റു നിരീശ്വരവാദികളും കൂട്ടിനുണ്ട്. ഡോക്കിന്‍സ് ഏറെ മതിപ്പോടെ അവതരിപ്പിക്കുന്ന സാംഹാരിസ് അത്തരക്കാരനാണ്. തന്റെ വീക്ഷണത്തില്‍നിന്നും ഭിന്നമായ മറ്റൊരു വീക്ഷണം ഒരാള്‍ക്കുണ്ട് എന്ന കാരണത്താല്‍ അയാളെ ഭ്രാന്തനായി മുദ്രകുത്തുന്ന നിരീശ്വരവാദിക്ക് തീര്‍ച്ചയായും മാനസികത്തകരാറുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പിര്‍സിഗിന് മാനസിക രോഗമുള്ളതായി സ്ഥിരീകരിക്കപ്പെട്ടുവെങ്കിലും മറ്റുള്ളവരുടേത് സ്ഥിരീകരണം കാത്തിരിക്കുകയാണ് എന്ന് കരുതേണ്ടിവരുമോ?
മതവും മനോരോഗവും

"ഭ്രാന്താശുപത്രിയില്‍ ചെന്നാല്‍ നെപ്പോളിയനും ഹിറ്റ്ലറുമൊക്കെയാണെന്ന് സ്വയം സങ്കല്‍പിച്ച് ജീവിക്കുന്ന നിര്‍ഭാഗ്യരെ കണ്ടെത്താനാവു''മെന്ന് ഗ്രന്ഥകാരന്‍ എഴുതുന്നു: ഇങ്ങനെ കാണപ്പെടുന്നവരില്‍ മതവിശ്വാസികള്‍ മാത്രമല്ല നിരീശ്വരവാദികളും ധാരാളമായുണ്ട് എന്ന വസ്തുത ഗ്രന്ഥകാരന്‍ ശ്രദ്ധിക്കുന്നേയില്ല. അദ്ദേഹം തുടരുന്നു: "ചെവിയില്‍ പൂവുംവെച്ച് നടക്കുന്നവരെന്ന് നാം പലരെയും കളിയാക്കാറുണ്ടല്ലോ. അവരുടെ സഹജമായ വിശ്വാസങ്ങളൊക്കെ 'മാനസിക പ്രശ്നമായി' അവഗണിക്കാനാണ് നമുക്ക് താത്പര്യം മതവിശ്വാസം ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒന്നാണെന്ന് തെളിയിക്കാന്‍ ആര്‍ക്കുമിന്നുവരെ സാധിച്ചിട്ടില്ല'' ലോകപ്രശസ്തരായ മനഃശാസ്ത്രജ്ഞര്‍ക്കുപോലും അറിയാത്ത ഈ 'വിജ്ഞാനം' ഗ്രന്ഥകാരന്റെ രോഗാതുരമായ മനസിന്റെ സംഭാവനയാണെന്ന് വ്യക്തമാണ്. "വ്യത്യസ്തമായ ഒന്നാണെന്ന്'' ആരും തെളിയിച്ചിട്ടില്ല എന്ന ഗ്രന്ഥകാരന്റെ അസംബന്ധവാദമിരിക്കട്ടെ. വ്യത്യസ്തമായ ഒന്നല്ലെന്ന് ഏതെങ്കിലും മനഃശാസ്ത്രജ്ഞന്‍ തെളിയിച്ചിട്ടുണ്ടോ?
ഗ്രന്ഥകാരന്‍ തുടരുന്നു: "പക്ഷേ സമൂഹത്തില്‍ ധാരാളം പേര്‍ ഒരു വിഭ്രാന്തിയുമായി മുന്നോട്ടുപോകുമ്പോള്‍ അത് മാനസിക പ്രശ്നമല്ലാതെയാകും.'' എങ്ങനെയുണ്ട് ഗ്രന്ഥകാരന്റെ മനോവിജ്ഞാനീയം?
ഏതാനും പേര്‍ക്ക് വിഭ്രാന്തിയുണ്ടായാല്‍ മനോരോഗവും ധാരാളം പേര്‍ക്കുണ്ടായാല്‍ അത് ആരോഗ്യവുമാകുമെന്ന് ഏത് മനഃശാസ്ത്രജ്ഞനാണ് കണ്ടെത്തിയതെന്ന് ഗ്രന്ഥകാരന്‍ വ്യക്തമാക്കണമായിരുന്നു. ഏതാനും പേര്‍ക്ക് ക്ഷയരോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവര്‍ ക്ഷയരോഗികളും ധാരാളം പേരില്‍ ഇതേ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ ക്ഷയരോഗം അല്ലാതാവുകയും (ഇല്ലാതാവുകയും?) ചെയ്യുമെന്നാവും ഗ്രന്ഥകാരന്റെ ധാരണ! വ്യക്തിക്ക് വന്നാല്‍ മാനസികരോഗമാകുന്നത് സമൂഹത്തിലെ ബഹുഭൂരിപക്ഷം പേര്‍ക്ക് വന്നാല്‍ സാമൂഹിക രോഗമായി മാറുമെന്നല്ലാതെ അത് രോഗമല്ലാതാവുമെന്ന് ഒരു മനശാസ്ത്രജ്ഞനും അഭിപ്രായപ്പെട്ടിട്ടില്ല.
'ചക്കിക്കൊത്ത ചങ്കരന്‍' എന്ന മട്ടില്‍ മറ്റൊരു ഗ്രന്ഥകാരനെകൂടി അവതരിപ്പിക്കുന്നു: "സാം ഹാരീസ്, ദി എന്‍ഡ് ഓഫ് ഫെയ്ത്ത്' (The End of Faith) എന്ന വിഖ്യാത ഗ്രന്ഥത്തില്‍ പറയുന്നു: "യുക്തിസഹമല്ലാത്ത വിശ്വാസങ്ങളുമായി നടക്കുന്നവരെ സംബോധന ചെയ്യാന്‍ നിരവധി വിളിപ്പേരുകള്‍ നമുക്കുണ്ട്. പക്ഷേ അത്തരം വിശ്വാസങ്ങള്‍ വളരെ സാധാരണമാണെങ്കില്‍ നാമതിനെ മതവിശ്വാസമെന്ന് വിളിച്ചാദരിക്കും. അല്ലെങ്കില്‍ പദങ്ങള്‍ കടുത്തതായിരിക്കും. ഭ്രാന്ത്, മാനസികപ്രശ്നം, വിഭ്രാന്തി അങ്ങനെ പോകുന്നു ഉപയോഗിക്കാനിടയുള്ള കഠിനപദങ്ങള്‍. തീര്‍ച്ചയായും എണ്ണം കൂടുമ്പോള്‍ മാന്യതയും കൂടെ വരികയാണ്.''(159)
വിശ്വാസം ന്യൂനപക്ഷമാകുമ്പോള്‍ ഭ്രാന്ത് എന്ന് വിശേഷിപ്പിക്കാമെങ്കില്‍ നിരീശ്വരവാദികളെയല്ലേ സമൂഹം ഒന്നാമതായും ഭ്രാന്തന്മാരായി കാണേണ്ടത്? ഏതെങ്കിലും മതവിശ്വാസി നിരീശ്വരവാദിയെ നിരീശ്വരവാദിയായി എന്ന കാരണത്താല്‍ ഭ്രാന്തനായി കണക്കാക്കിയ അപൂര്‍വ സംഭവമെങ്കിലും ചരിത്രത്തില്‍ കാണാനാവുമോ?
വിശ്വാസത്തെക്കുറിച്ചോ മനഃശാസ്ത്രത്തെക്കുറിച്ചോ പ്രാഥമികവിവരം പോലുമില്ലാത്ത നിരീശ്വരത്ത്വാശാന്മാരും ശിഷ്യന്മാരും സ്വന്തം മനോബലം മറ്റുള്ളവരാല്‍ സംശയിക്കപ്പെടാന്‍ ഇടവരുത്തുന്നതെങ്കിലും ഒഴിവാക്കണമായിരുന്നു. മനോരോഗമായ സ്കിസോഫ്രേനിയയുടെ ലക്ഷണമായ disordered thinking and disordered language useമാണ് ഇവരില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നത്. ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്ന ഡോക്കിന്‍സിന്റെ ഈ വരിനോക്കൂ: "മതവിശ്വാസികള്‍ പൊതുവേ ഭ്രാന്തരെന്ന് വിളിക്കപ്പെടുന്നില്ല. പക്ഷേ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനം മറ്റൊന്നല്ല.'' (And so, while religious people are not generally mad, their are beliefs absolutely are)(160)
മതവിശ്വാസികള്‍ പൊതുവേ ഭ്രാന്തന്മാരല്ലെന്ന് (ഇത് ഗ്രന്ഥകാരന്റെ വിവര്‍ത്തപ്രകാരം 'ഭ്രാന്തരെന്ന് വിളിക്കപ്പെടുന്നില്ല' എന്നായി) ഡോക്കിന്‍സും സമ്മതിക്കുന്നു. പക്ഷേ അവരുടെ വിശ്വാസങ്ങള്‍ ഭ്രാന്തമാണത്രെ! ഒരാളുടെ കൈകളുടെ നീളമോ തലമുടിയുടെ എണ്ണമോ അല്ല അയാള്‍ക്ക് മനോരോഗമുണ്ടെന്നതിന് അടിസ്ഥാനമാക്കുന്നത്. മറിച്ച് അയാളുടെ ധാരണകളാണ്. ധാരണകള്‍ ഭ്രാന്തമാണെങ്കില്‍ പെരുമാറ്റവും ഭ്രാന്തമായിരിക്കും. മതവിശ്വാസി പൊതുവേ ഭ്രാന്തനല്ലെന്ന് വാദിക്കുന്നയാള്‍ മതവിശ്വാസം ഭ്രാന്തമല്ലെന്ന് സമ്മതിക്കുകയാണ് ചെയ്യുന്നത്. സാമാന്യബുദ്ധിയെങ്കിലുമുള്ളവരും സുബോധമുള്ളവരും അതുകൊണ്ടാണ് മതവിശ്വാസത്തെ ഭ്രാന്തമായി കണക്കാക്കാത്തത്. എന്നാല്‍ disordered thinking and disordered language use എന്ന ലക്ഷണമുള്ളവരുടെ പ്രസ്താവനയില്‍ വൈരുധ്യങ്ങളുണ്ടാവുക സ്വാഭാവികമാണെന്ന് മനശാസ്ത്രജ്ഞന്മാര്‍ പറയുന്നു.
ബാല്യകാല വിഭ്രാന്തികള്‍

മതവിശ്വാസികളെ ഭ്രാന്തന്മാരാക്കാന്‍ ഇറങ്ങിത്തിരിച്ച് റിച്ചാഡ് ഡോക്കിന്‍സിന്റെ ബാല്യകാല ധാരണകള്‍ എന്തായിരുന്നുവെന്ന് ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു: "താന്‍ റിച്ചാഡ് രാജാവാണെന്നും ചന്ദ്രനിലെ മനുഷ്യനാണെന്നും ബാബിലോണിയന്‍ പോരാളിയാണെന്നുമൊക്കെയായിരുന്നുവത്രെ ചില സന്ദര്‍ഭങ്ങളില്‍ ബാലനായ ഡോക്കിന്‍സ് അവകാശപ്പെട്ടിരുന്നത്.''(161)
ഗ്രന്ഥകാരന്‍ ഇത്രകൂടി എഴുതുന്നു: "കുട്ടിക്കാലത്ത് താന്‍ ഇത്തരത്തില്‍ ബാലിശമായ പല അവകാശവാദങ്ങളും നടത്തുമായിരുന്നുവെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ടെന്ന് ഡോക്കിന്‍സ് സമ്മതിക്കുന്നു.''(162)
താന്‍ റിച്ചാഡ് രാജാവാണെന്നും ചന്ദ്രനിലെ മനുഷ്യനാണെന്നും ബാബിലോണിയന്‍ പോരാളിയാണെന്നുമൊക്കെ കുട്ടിക്കാലത്ത് ഡോക്കിന്‍സ് അവകാശപ്പെട്ടിരുന്നതായി സമ്മതിച്ചല്ലോ. താന്‍ തിരുവിതാംകൂര്‍ രാജാവാണെന്നും ചന്ദ്രനിലെ മനുഷ്യനാണെന്നും (അതോ 'ചന്ദ്രനാ'ണെന്നോ?!) എട്ടുവീട്ടില്‍ പോരാളിയാണെന്നുമൊക്കെ ഗ്രന്ഥകാരന്‍ വിശ്വസിച്ചിരുന്നോ എന്നറിയില്ല. ഏതായാലും ലോകമെമ്പാടുമുള്ള എല്ലാ കുട്ടികള്‍ക്കും ഇത്തരം ചപലവിചാരങ്ങള്‍ ഉണ്ടായതായി കരുതാനാവില്ല. ഇത്തരം മനഃശാസ്ത്രപരമായ ബാലചാപല്യങ്ങള്‍ വലുതായശേഷവും ഡോക്കിന്‍സില്‍നിന്നു പൂര്‍ണമായും വിട്ടുമാറിയില്ലെന്ന് മേല്‍ ആരോപണങ്ങള്‍ തെളിയിക്കുന്നു.
മതവിശ്വാസം ഭ്രാന്തമാണെന്നോ മതവിശ്വാസിയായതുകൊണ്ടുമാത്രം ഒരാള്‍ ഭ്രാന്തനാകുമെന്നോ മനഃശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടിട്ടില്ലെന്ന് വ്യക്തമാണ്. ഇത്തരം ആരോപണം ഉന്നയിക്കുന്ന ഗ്രന്ഥകാരന്റെ തന്നെ വാക്കുകള്‍ വിശകലനം ചെയ്ത് ആര്‍ക്കാണത് കൂടുതല്‍ ചേരുകയെന്ന് കണ്ടെത്താം.
ബഹുഭൂരിഭാഗം ജനങ്ങളും എക്കാലവും മതവിശ്വാസികളായിരുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് വിശദീകരണം നല്‍കാന്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി അദ്ദേഹം എഴുതിയതിങ്ങനെയാണ്: "കുട്ടികള്‍ക്ക് ശൈശവ-കൌമാര കാലഘട്ടങ്ങളില്‍ പല തരത്തിലുള്ള സങ്കല്‍പസാമ്രാജ്യങ്ങളുണ്ട്. ഭ്രമങ്ങളും അഭിനിവേശങ്ങളുമുണ്ട്. പുറംലോകവുമായി ബന്ധപ്പെടുമ്പോഴുണ്ടാകുന്ന സ്വാഭാവിക മനോവ്യാപാരമാണത്. ഇത്തരം ഭ്രമങ്ങളില്‍ പലതും മുതിര്‍ന്നാലും കുട്ടിയെ വിട്ടൊഴിയുന്നില്ല. പലരും തങ്ങളുടെ വൈകാരികമായ ബാല ചേഷ്ടകളും സാങ്കല്പികസാമ്രാജ്യങ്ങളും മരണംവരെ കൂടെ കൂട്ടുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നത് മനുഷ്യമനസ്സിനെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമാണെന്നിത് വ്യക്തമാക്കുന്നു.''(163)
"ദൈവത്തില്‍ വിശ്വസിക്കുന്നത് മനുഷ്യമനസ്സിനെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമാണെന്ന്'' ഗ്രന്ഥകാരന്‍ സമ്മതിച്ചല്ലോ. അതായത് മനസിന് അനായാസേന സാധിക്കുന്ന കാര്യമാണിത്. മനുഷ്യമനസ്സില്‍ പിരിമുറുക്കങ്ങളോ സമ്മര്‍ദങ്ങളോ ഉണ്ടാകാതെ തന്നെ മതത്തിലും ദൈവത്തിലും വിശ്വസിക്കാനും പ്രവര്‍ത്തിക്കാനും സാധിക്കുമെന്നര്‍ഥം. മാനസികമായ പിരിമുറുക്കങ്ങളാണ് എല്ലാത്തരം മനോരോഗങ്ങളുടേയും വിഭ്രാന്തികളുടേയും സ്രോതസ്സ് എന്നത് അംഗീകൃതമായ മനഃശാസ്ത്രവസ്തുതയാണ്. അതിനാല്‍ മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നവര്‍ക്ക് മനോരോഗങ്ങളോ വിഭ്രാന്തികളോ വിശ്വാസം കാരണമായി ഉണ്ടാകാനിടയില്ലെന്നും മനസ്സ് ആയാസരഹിതവും ആരോഗ്യകരവും ആയിരിക്കുമെന്നും ഇതില്‍ നിന്നും വ്യക്തമാണ്.
മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നത് മനുഷ്യമനസിനെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമാണെങ്കില്‍ നിരീശ്വരവാദിയാകുന്നത് മനസ്സിന് പിരിമുറുക്കം ഉണ്ടാക്കാനാണ് കൂടുതല്‍ സാധ്യതയെന്നും വ്യക്തമാണ്.
നാസ്തികത നിരീശ്വരവാദികളുടെ മനസ്സമാധാനം കെടുത്തുന്നുവെന്നും അവര്‍ മതവിശ്വാസികളായാല്‍ മനസ്സമാധാനം കൈവരാന്‍ സാധ്യതയുണ്ടെന്നും ഗ്രന്ഥകാരന്‍ തന്നെ സമ്മതിക്കുന്നത് കാണുക: "എന്നാല്‍ രസകരമായ മറ്റൊരു വസ്തുതയുണ്ട്. നാസ്തികനെ സംബന്ധിച്ചിടത്തോളം മതവിശ്വാസം മനസ്സമാധാനം കൊണ്ടുവരാനിടയുണ്ട്! നാസ്തികരെ വിശ്വാസിസമൂഹം തരംകിട്ടുമ്പോഴൊക്കെ ഒളിഞ്ഞും തെളിഞ്ഞും ശകാരിക്കാറുണ്ടല്ലോ.''(164) സഹജമായ മതവിശ്വാസത്തെ തിരസ്ക്കരിച്ചതുകൊണ്ടുണ്ടാകുന്ന ആന്തരികമായ മനോസംഘര്‍ഷങ്ങള്‍ക്ക് പുറമേ സാമൂഹികമായ ബഹിഷ്ക്കരണംകൊണ്ടുണ്ടാകുന്ന സമ്മര്‍ദങ്ങള്‍ കൂടിയാവുമ്പോള്‍ നിരീശ്വരവാദിയാണോ വിശ്വാസിയാണോ മനോവിഭ്രാന്തികളിലേക്ക് നീങ്ങാന്‍ കൂടുതല്‍ സാധ്യത?
ഇതാണ് ഗ്രന്ഥകാരന്‍ തന്നെ സമ്മതിക്കുന്ന വസ്തുതയെങ്കില്‍, വിഭ്രാന്തികള്‍ നിരീശ്വരവാദികളുടെ സ്വഭാവമാകാനാണ് സാധ്യത. ഡോക്കിന്‍സും അനുയായികളും ഇത്രയ്ക്ക് വിഭ്രാന്തരാകാനുള്ള കാരണവും അതു തന്നെയാണെന്ന് കരുതുന്നതല്ലേ യുക്തിക്ക് കൂടുതല്‍ നിരക്കുന്നത്?
ജീവിച്ചിരിക്കുന്ന നിരീശ്വരദാര്‍ശനികരില്‍ പ്രമുഖനെന്ന് കരുതപ്പെടുന്ന ഡാന്‍ഡെനറ്റിനെപ്പറ്റി ഗ്രന്ഥകാരന്‍ എഴുതിയിട്ടുണ്ട്. "വിശ്വസിക്കുന്നതില്‍ വിശ്വസിക്കുന്നവരാണ്.'' (Believing in believing) ഭൂരിപക്ഷം മതവിശ്വാസികളുമെന്ന് സൈനറ്റ് അഭിപ്രായപ്പെട്ടുവെത്രെ.(165) മതവിശ്വാസികള്‍ ചിന്തിച്ച് വിശ്വസിക്കുന്നവരല്ല എന്ന് സമര്‍ഥിക്കാനാണ് ഡെനറ്റ് ഇങ്ങനെ അഭിപ്രായപ്പെടുന്നതെങ്കിലും മറ്റൊരു മനഃശാസ്ത്രവസ്തുത ഇതില്‍നിന്നും വെളിവാകുന്നുണ്ട്. എന്തെങ്കിലും കാരണമില്ലാതെതന്നെ മനുഷ്യമനസ്സ് വിശ്വാസത്തിലേക്ക് സ്വാഭാവികമായി ആകര്‍ഷിക്കപ്പെടുന്നു എന്ന യാഥാര്‍ഥമാണിത്. വിശ്വസിക്കുക എന്നത് അവിശ്വസിക്കുക എന്നതിനേക്കാള്‍ മാനസികമായി ആയാസരഹിതമായ പ്രക്രിയയാണ് എന്ന് ഇതില്‍ നിന്നും തെളിയുന്നു. മാനസികരോഗികളാകാനുള്ള സാധ്യത കൂടുതലുള്ളത് നിരീശ്വരവാദികള്‍ക്കിടയിലാണെന്ന് നിരീശ്വരവാദിയായ ഡെനറ്റിന്റെ നിരീക്ഷണവും പരോക്ഷമായി സമര്‍ഥിക്കുന്നു.
നിരീശ്വര ആശയങ്ങള്‍ക്ക് മുന്‍തൂക്കമുള്ള രാജ്യങ്ങളിലാണ് ആത്മഹത്യകള്‍ കൂടുതലുള്ളത് എന്നത് സ്ഥിരീകരിക്കപ്പെട്ട വസ്തുതയാണ്.(166) മതമൂല്യങ്ങള്‍ക്ക് മുന്‍ഗണനയുള്ള രാഷ്ട്രങ്ങളില്‍ ആത്മഹത്യ കുറവാണ്. ആര്‍ക്കാണ് മാനസികാരോഗ്യം കൂടുതലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
മതവിശ്വാസികള്‍ വിഭ്രാന്തിക്കാരാണെന്ന് സമര്‍ഥിക്കാന്‍ പിര്‍സിഗ് എന്ന മനോരോഗിയായ നോവലിസ്റിനെയാണ് ഡോക്കിന്‍സ് സാക്ഷിയായി ഹാജറാക്കുന്നത്. എന്നാല്‍ തന്റെ കൃതിയില്‍ പോള്‍ ബ്ളും എന്നൊരു മനഃശാസ്ത്രജ്ഞന്റെ മതവിശകലനം ഡോക്കിന്‍സ് അവതരിപ്പിച്ചിട്ടുണ്ട്. പോള്‍ ബ്ളും മതത്തെപ്പറ്റി എന്തു പറയുന്നുവെന്നത് കൂടുതല്‍ പ്രസക്തമാണല്ലോ. ബ്ളുമിന്റെ അഭിപ്രായത്തില്‍ മനുഷ്യപ്രകൃതിയുടെ ഭാഗമാണ് മതവിശ്വാസം!(167) മതവിശ്വാസം സംബന്ധിച്ച് നിരീശ്വരവാദികള്‍ ഇന്നോളം അവതരിപ്പിച്ച സകലവാദങ്ങളും അശാസ്ത്രീയമാണെന്ന് വ്യക്തമായും തെളിയിക്കുന്നു. ബ്ളുമിന്റെ വിശകലനങ്ങള്‍ (ബ്ളുമിന്റെ ആശയങ്ങള്‍ മറ്റൊരിടത്ത് വിശദീകരിക്കുന്നുണ്ട്).
ആരുടെ വിഭ്രാന്തി?

"മറ്റൊരാള്‍ക്ക് ഉണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്ന അനുഭവവും സ്വന്തം മനോവിഭ്രാന്തിയുമാണ് മതവിശ്വാസി പ്രധാനമായും ആശ്രയിക്കുന്നത്'' എന്ന് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നു.(168) 'വിഭ്രാന്തി'യുടെ മനഃശാസ്ത്രപരമായ അര്‍ഥം ആര്‍ക്കാണ് കൂടുതല്‍ ചേരുകയെന്ന് പരിശോധിച്ചല്ലോ. ഇനി, ആ വാക്കിന്റെ സാമാന്യമായ മലയാളവിവക്ഷ ആര്‍ക്കാണ് അനുയോജ്യമെന്ന് നോക്കാം. മതവിശ്വാസികളെ എല്ലാത്തരം വിഭ്രാന്തികളുടേയും സ്രോതസായി അവതരിപ്പിക്കാനാണ് നിരീശ്വരവാദികളില്‍ ഒരു വിഭാഗം ശ്രമിക്കുന്നതെങ്കിലും അവരുടെ വിവരണം ശ്രദ്ധയോടെ വിശകലനം ചെയ്താല്‍ മറ്റൊരു ചിത്രമാണ് ലഭിക്കുക. (എല്ലാ നിരീശ്വരവാദികളും ഡോക്കിന്‍സിനെപ്പോലെ വാദിക്കുന്നവരല്ല. ശാസ്ത്രവും മതവും ഭിന്നമായ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കരുതുന്ന സ്റീഫന്‍ ഗൌള്‍ഡിനെപ്പോലെയുള്ള നിരീശ്വരവാദികള്‍ മുതല്‍ എല്ലാ മതവിശ്വാസികളെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് കരുതുന്ന മൈക്കള്‍ ഷെര്‍മറെപ്പോലുള്ള നിരീശ്വരവാദികള്‍വരെയുണ്ട്. ഇവരെല്ലാം ഡോക്കിന്‍സിനെ നിരീശ്വരമൌലികവാദിയായാണ് കാണുന്നത്.)
മതവിശ്വാസികള്‍ വിഭ്രാന്തരാകേണ്ട സാഹചര്യം ഇപ്പോഴില്ല. ഇരുപതാം നൂററാണ്ടിന്റെ ആദ്യപകുതിയില്‍ നിരീശ്വവാദം മുന്നേറുകയായിരുന്നു. എന്നാല്‍, രണ്ടാം പകുതിയോടെ ഭൌതികവാദത്തിന് സ്വീകാര്യത കുറഞ്ഞുവരുന്നതായി കാണാം. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ നിരീശ്വര-ഭൌതികവാദങ്ങള്‍ തഴച്ചുവളര്‍ന്ന പാശ്ചാത്യ നാടുകളില്‍ തന്നെ അവ കുറ്റിയറ്റ അവസ്ഥയിലെത്തി. 1990 കളില്‍ നിരീശ്വരവാദം ഔദ്യോഗിക പ്രത്യയശാസ്ത്രമായി അംഗീകരിച്ച സോവിയറ്റ് റിപ്പബ്ളിക്കുകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞ കാഴ്ച ലോകം കണ്ടു.
ചുരുക്കത്തില്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ട് വിശ്വാസത്തിന്റേതാണെന്ന് വ്യക്തമായി വരുന്നു. എങ്കില്‍ 2006-ല്‍ പ്രസിദ്ധീകരിച്ച ഒരു നിരീശ്വര 'സൈദ്ധാന്തി'കന്റെ കൃതിയില്‍ മതവിശ്വാസികള്‍ വിഭ്രാന്തിയിലാണെന്ന് സമര്‍ഥിക്കാന്‍ കഴിയുന്നതെങ്ങനെ? ഇവിടെയാണ് ഡോക്കിന്‍സിന്റെ വിവരണം പരിശോധിക്കേണ്ടിവരുന്നത്. നിരീശ്വരവാദികള്‍ വിഭ്രാന്തിയിലാണെന്ന് ഒരു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അദ്ദേഹത്തിന് സാധ്യമല്ലല്ലോ. എന്നാല്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും വസ്തുതകളില്‍നിന്നും പൂര്‍ണമായും ഒളിച്ചോടാനും സാധ്യമല്ല. റിച്ചാഡ് ഡോക്കിന്‍സും 'പുനരാഖ്യാതാവാ'യ ഗ്രന്ഥകാരനും
മതവിശ്വാസത്തിന്റെ വളര്‍ച്ചയില്‍ വിഭ്രാന്തരാണെന്ന സത്യം ഈ കൃതിയില്‍ പ്രകടമായി കാണാം.
ഗ്രന്ഥകാരന്‍ കുറിക്കുന്നു: "2006ല്‍ 'റിച്ചാഡ് ഡോക്കിന്‍സ് ഫൌണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് സയന്‍സ്' (RDFRS) എന്ന സംഘടന സ്ഥാപിതമായി. ശാസ്ത്രവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, മതവിശ്വാസത്തിന്റെ മനശാസ്ത്രകാരണങ്ങളെപ്പറ്റി ഗവേഷണം നടത്തുക, ലോകമെമ്പാടും മതേതരത്വത്തെയും സ്വതന്ത്ര ചിന്തയെയും പിന്തുണക്കുക എന്നിവയാണ് സ്ഥാപിത ലക്ഷ്യങ്ങള്‍.''(169).
1941ല്‍ ജനിച്ച ഡോക്കിന്‍സ് മുതിര്‍ന്നകാലം മുതലേ നിരീശ്വരവാദിയായിരുന്നു. എന്നിട്ടുമെന്തേ ഈ വയസ്സാന്‍ കാലത്ത് (66ാം വയസ്) നിരീശ്വരവാദം പ്രചരിപ്പിക്കാന്‍ സംഘടനയുണ്ടാക്കേണ്ടിവന്നു? (ശാസ്ത്രം, മനഃശാസ്ത്രം, വിദ്യാഭ്യാസം എന്നൊക്കെ ലക്ഷ്യപരിപാടികളില്‍ കാണാമെങ്കിലും യഥാര്‍ഥത്തില്‍ ഒറ്റ ഉദ്ദേശ്യമേ ഉള്ളൂ: നിരീശ്വരവാദം പ്രചരിപ്പിക്കുക). മുഖ്യകാരണം മതവിശ്വാസം വളരുന്നതിലുള്ള വിഭ്രാന്തിതന്നെ. ഗ്രന്ഥകാരന്റെ സ്ഥിരീകരണം നോക്കൂ: "ഒരു കാര്യത്തില്‍ തര്‍ക്കമില്ല: നാസ്തികതക്ക് സംഘടനാപരമായി ഒരു നവീന ദിശാ ബോധം നല്‍കാന്‍ ഡോക്കിന്‍സ് ശ്രമിക്കുന്നുണ്ട്. താത്ത്വികമായി അതൊഴിവാക്കപ്പെടേണ്ടതാണെന്ന് വാദിച്ചാലും ഇപ്പോഴത്തെ അവസ്ഥ നാസ്തികചിന്തയുടെ അദൃശ്യതയിലേക്ക് (Invisibility) നയിക്കുമെന്ന ഭയം അസ്ഥാനത്തല്ല.''(170)
ഈ 'ഭയം' തന്നെയാണ് നിരീശ്വരവാദിയായ ഡോക്കിന്‍സില്‍ വിഭ്രാന്തിയുണ്ടാക്കിയതെന്ന് വ്യക്തം (ഈ ഭയം 'അസ്ഥാനത്തല്ല' എന്ന് ഗ്രന്ഥകാരന്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്!). യഥാര്‍ഥത്തില്‍ ആധുനിക കാലത്ത് ഈവിഭ്രാന്തി നിരീശ്വരവാദികളെ പിടികൂടിയിട്ട് ഏതാനും ദശകങ്ങളേ ആയിട്ടുള്ളൂവെങ്കിലും ചരിത്രത്തില്‍ എക്കാലത്തും അവര്‍ വിഭ്രാന്തരായിരുന്നു. ഗ്രന്ഥകാരന്റെ സമ്മതം നോക്കൂ: "മതത്തിന്റെ പ്രതാപത്തിനും ഭീഷണിക്കും മുന്നില്‍ പകച്ചുനിന്ന ചരിത്രമാണ് നാസ്തികചിന്തക്ക് എക്കാലത്തുമുണ്ടായിട്ടുള്ളത്''. എക്കാലത്തും പകച്ചുനിന്ന നിരീശ്വരവാദികള്‍ക്കാണോ പ്രതാപത്തില്‍ നിലനിന്ന മതവിശ്വാസികള്‍ക്കാണോ വിഭ്രാന്തിയുണ്ടാവുക?
നിരീശ്വരവാദികള്‍ 'പകച്ചിരിക്കുകയാണ്'

ഗ്രന്ഥകാരന്റെ ഈ നിരീക്ഷണം ശ്രദ്ധിക്കുക: "മതവിശ്വാസി സ്വന്തം വിശ്വാസം മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ചും പരസ്യനിലപാടുകള്‍ സ്വീകരിച്ചും പ്രചരിപ്പിക്കുന്നതില്‍ ഉത്സാഹം കാട്ടും. എന്നാല്‍ മിക്കവരും അവിശ്വാസം പരസ്യമായി സമ്മതിക്കില്ല. നിരീശ്വരവാദിയാണെന്ന് തുറന്നുപറയാന്‍ അമേരിക്കയില്‍ ആളുകള്‍ ഭയക്കുന്ന സാഹചര്യമാണിന്നുള്ളത്.''(171)
മറ്റൊരു വിവരണമിതാണ്: "അവിശ്വാസികള്‍ വിശ്വാസി സമൂഹത്തിന്റെ ഭൂരിപക്ഷം കണ്ട് പകച്ചിരിക്കുകയാണ്.''(172)
ഈ വരി ശ്രദ്ധിക്കുക: "നറ്റാലി ആംഗിയര്‍ (Natali Angier) ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ 'ഏകയായ ഒരു നിരീശ്വരവാദിയുടെ കുമ്പസാരം' (Confessions of a Lonely Atheist) എന്ന ലേഖനത്തില്‍ അമേരിക്കയില്‍ ഒരു നിരീശ്വരവാദി ഇന്നനുഭവിക്കുന്ന ദുഃഖകരമായ ഒറ്റപ്പെടലിന്റേയും വിവേചനത്തിന്റേയും ബീഭത്സചിത്രം ഒളിഞ്ഞു കിടക്കുന്നുണ്ട്.''(173)
ഗ്രന്ഥകാരന്റെ മറ്റൊരു വരി ശ്രദ്ധിക്കുക: "അപാരമായ സമ്പത്തും സ്വാധീനവുംകൊണ്ട് ജനത്തെ വരിഞ്ഞുമുറുക്കുന്ന മതത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താനാവാതെ നിരീശ്വര പ്രസ്ഥാനങ്ങള്‍ പതറുന്ന കാഴ്ചയാണ് സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ഏഷ്യയിലും അമേരിക്കയിലും കാണുന്നത്.''(174)
നിരീശ്വരവാദികള്‍ ഭയപ്പെടുന്നുവെന്നും പകച്ചു നില്‍ക്കുന്നുവെന്നും പതറുന്നുവെന്നും ഒറ്റപ്പെടുന്നുവെന്നും സമ്മതിക്കുന്ന ഗ്രന്ഥകാരന്‍ തെളിയിക്കുന്നത് വിഭ്രാന്തി നിരീശ്വരവാദികള്‍ക്ക് തന്നെയാണെന്നാണ്. ഇനി മതവിശ്വാസികള്‍ക്ക് വിഭ്രാന്തരാകേണ്ട ഏതെങ്കിലും സാമൂഹിക സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ? ഉണ്ടെന്നതിന് എന്തെങ്കിലും തെളിവ് ഡോക്കിന്‍സോ ഗ്രന്ഥകാരനോ ഹാജറാക്കിയിട്ടുണ്ടോ? ഇല്ലതന്നെ.
ഡോക്കിന്‍സിന്റെ വീക്ഷണത്തില്‍ മതവിശ്വാസം എന്നതുതന്നെ 'വിഭ്രാന്തി'യാണ്! പുറമെ മറ്റൊരു 'വിഭ്രാന്തി'യും ആവശ്യമില്ല. ചുരുക്കത്തില്‍ മതവിശ്വാസത്തിന്റെ വളര്‍ച്ചയില്‍ വിഭ്രാന്തനായ ഡോക്കിന്‍സ് അതു മറച്ചുവെക്കാന്‍ കണ്ടെത്തിയ ഉപായമാണ് വിഭ്രാന്തിയെന്ന ആരോപണം. ഇതൊരു പാശ്ചാത്യന്‍ തന്ത്രമാണ്. കോളനി വാഴ്ചക്കാര്‍ അവരുടെ ഭീകരതകളും ക്രൂരതകളും മറച്ചുവെക്കാന്‍ അവയത്രയും മറ്റുള്ളവരുടെ മേല്‍ ആരോപിക്കുകയായിരുന്നു പതിവ്. ഡോക്കിന്‍സിന്റെ സാംസ്കാരിക പാരമ്പര്യം ഇതാണെന്നു വ്യക്തം. അദ്ദേഹത്തിന്റെ പിതാവ് ബ്രിട്ടീഷ് കോളനി വാഴ്ചക്കാര്‍ക്ക് വേണ്ടി ആഫ്രിക്കയിലെ കറുത്തവംശജരെ ഉന്മൂലനം ചെയ്യാന്‍ നിയോഗിക്കപ്പെട്ട സേനയിലെ അംഗമായിരുന്നു! ഇത് വ്യക്തിപരമായ പാരമ്പര്യം. സാംസ്കാരിക പാരമ്പര്യമനുസരിച്ച് കോളനി വാഴ്ചക്കാരുടെ പ്രത്യയശാസ്ത്രമാണ് ആധുനികത. നിരീശ്വരവാദമാണ് ആധുനികതയുടെ അടിത്തറ.
നിരീശ്വരവാദികളുടെ ഈ ഭീതിയും അങ്കലാപ്പും മതവിശ്വാസികളുടെ ആള്‍ബലംകൊണ്ട് മാത്രമല്ല ഉണ്ടായത്. അധികാരം മതവിശ്വാസികളുടെ കൈകളിലേക്ക് നീങ്ങുന്നതുകൊണ്ട് മാത്രവുമല്ല. ഇതൊക്കെ അവര്‍ക്കിടയില്‍ വിഭ്രാന്തിക്ക് കാരണമായിട്ടുണ്ടെങ്കിലും ശാസ്ത്രലോകത്തുനിന്നും നിരവധി സമുന്നതരായ പ്രതിഭകള്‍ വിശ്വാസത്തിന് അനുകൂലമായി സംസാരിക്കാന്‍ തുടങ്ങി എന്നതാണ് മുഖ്യ കാരണം.
മതവിശ്വാസത്തെ ശാസ്ത്രീയമായി സമര്‍ഥിക്കുന്ന ഈ ശാസ്ത്രജ്ഞരുടെ കൃതികളെ ലക്ഷ്യമിട്ടാണ് ഡോക്കിന്‍സ് തന്റെ കൃതി തയ്യാറാക്കിയിട്ടുള്ളത്. ഇവരുടെ വാദങ്ങളില്‍ ഒന്നുപോലും ഡോക്കിന്‍സിനാല്‍ ഖണ്ഡിക്കപ്പെടുന്നില്ല എന്നത് നിരീശ്വരവാദികളുടെ വിഭ്രാന്തി ഒന്നുകൂടി വര്‍ധിപ്പിക്കാനേ സഹായിക്കൂ. ഡോക്കിന്‍സിന്റെ എല്ലാ എതിര്‍വാദങ്ങള്‍ക്കും വിശ്വാസികളായ ശാസ്ത്രജ്ഞരും തത്വചിന്തകന്മാരും സമര്‍ഥമായും വിശദമായും വിശദീകരണം നല്‍കിയിട്ടുമുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ശാസ്ത്രജ്ഞന്‍ മതമീമാംസകളെ വിമര്‍ശിക്കുന്ന കൃത്യമാണ് മുഖ്യമായും ഏറ്റെടുത്തത്. ഇന്നാകട്ടെ നിരീശ്വരവാദികളായ ശാസ്ത്രജ്ഞര്‍ മതവിശ്വാസികളായ ശാസ്ത്രജ്ഞരെയാണ് മുഖ്യമായും വിമര്‍ശിക്കുന്നത്. കാരണം വ്യക്തമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ മതവീക്ഷണങ്ങള്‍ക്ക് അനുകൂലമായി സംസാരിക്കാന്‍ ശാസ്ത്രജ്ഞരെ കാര്യമായൊന്നും കിട്ടിയിരുന്നില്ല. ഇന്ന് മറിച്ചാണ് സ്ഥിതി. ഡോക്കിന്‍സിന്റെ കൃതിതന്നെ ഇതിനു തെളിവാണ്.
തോമസ് അക്വിനാസ് പോലുള്ള ഒറ്റപ്പെട്ട മതചിന്തകരെ മാത്രമേ ഡോക്കിന്‍സ് വിമര്‍ശിച്ചിട്ടുള്ളൂ. വിമര്‍ശിക്കപ്പെട്ടവരില്‍ അധികപേരും ശാസ്ത്രജ്ഞര്‍ തന്നെയാണ്. മതവീക്ഷണങ്ങള്‍ക്ക് പിന്തുണയുമായി ശാസ്ത്രജ്ഞര്‍ വന്‍ തോതില്‍ രംഗത്തെത്തിയത് ഡോക്കിന്‍സിനെ ശരിക്കും വിറളിപിടിപ്പിച്ചിട്ടുണ്ട്. ഗ്രന്ഥകാരന്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു: "മതവിശ്വാസികളായ ശാസ്ത്രജ്ഞന്‍ ശാസ്ത്രത്തിനേല്പിക്കുന്ന അപരിഹാര്യമായ പരിക്കുകളെക്കുറിച്ച് 'ദൈവ വിഭ്രാന്തി'യിലുടനീളം ഡോക്കിന്‍സ് ആശങ്കപ്പെടുന്നു. ഈ പ്രവണത സഹിക്കാനോ കണ്ടില്ലെന്ന് നടിക്കാനോ അദ്ദേഹം തയ്യാറല്ല. വാസ്തവത്തില്‍ 'ദൈവവിഭ്രാന്തി'യുടെ അടിത്തട്ട് പ്രമേയം തന്നെ ഇതാകുന്നു.''(175)
ശാസ്ത്രത്തിനല്ല, നിരീശ്വരവാദത്തിനാണ് ഈ ശാസ്ത്രജ്ഞന്‍ ഭീഷണിയാകുന്നത്. അതുകൊണ്ടാണല്ലോ മറ്റു ശാസ്ത്രജ്ഞര്‍ക്കില്ലാത്ത അസഹ്യത നിരീശ്വരവാദിയായ ഡോക്കിന്‍സിനുണ്ടായത്. എന്നു മാത്രമല്ല ഈ പരിക്ക് "അപരിഹാര്യ''മാണെന്ന് അദ്ദേഹം സമ്മതിക്കുന്നുമുണ്ട്. "അപരിഹാര്യമായ'' പരിക്കിന് പ്രാഥമിക ശുശ്രൂഷയുമായി ലോകം ചുറ്റുന്ന ഡോക്കിന്‍സില്‍ വിഭ്രാന്തിയുണ്ടാകാന്‍ ഇതു തന്നെ ധാരാളമല്ലേ? "ദൈവവിഭ്രാന്തി'യിലുടനീളം ഡോക്കിന്‍സ് ആശങ്കപ്പെടുന്ന''തായി ഗ്രന്ഥകാരന്‍ തന്നെ സമ്മതിച്ചിരിക്കെ മതവിശ്വാസികളെ വിഭ്രാന്തന്മാരായി മുദ്രകുത്തുന്നത് മോഷ്ടാവ് 'കള്ളന്‍ വരുന്നേ' എന്ന് വിളിച്ചുകൂവുന്നതിന് സമാനമല്ലേ?
പത്തൊമ്പതാം നൂറ്റാണ്ടോടെ ഭൌതികവാദം പ്രചരിച്ചു. ശേഷം അടുത്തകാലംവരെ ശാസ്ത്രജ്ഞര്‍, തത്ത്വചിന്തകര്‍ എന്നൊക്കെ പറഞ്ഞാല്‍ നിരീശ്വരവാദികള്‍ എന്നായിരുന്നു അര്‍ഥമാക്കിയിരുന്നത്. കാരണം 1950കളിലും 60കളിലും വിശ്വാസികളായ തത്ത്വചിന്തകരെയോ ശാസ്ത്രജ്ഞരേയോ തിരഞ്ഞാല്‍ കണ്ടുകിട്ടാന്‍ പ്രയാസമായിരുന്നു. ഓക്സ്ഫോസ് യൂണിവേഴ്സിററി പ്രസ് (OUP ), കാംബ്രിഡ്ജ് യൂണിവേഴ്സിറ്റി (CUP) പോലുള്ള പ്രമുഖ യൂണിവേഴ്സിറ്റി പ്രസാധകര്‍ അക്കാലത്ത് മതവിശ്വാസത്തെ ന്യായീകരിക്കുന്ന ഒന്നും തന്നെ പ്രസിദ്ധീകരിക്കുമായിരുന്നില്ല. പ്രമുഖരായ ഗവേഷകരോ എഴുത്തുകാരോ അത്തരം കൃതികള്‍ തയ്യാറാക്കുകയും ചെയ്തിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കിടയില്‍ മതവിശ്വാസത്തിന് അനുകൂലവും നിരീശ്വര-ഭൌതികവാദങ്ങള്‍ക്ക് ഭീഷണിയുമായ ധൈഷണിക രചനകള്‍ വന്‍തോതില്‍ പ്രത്യക്ഷപ്പെട്ടതായി കാണാം. ശാസ്ത്രരംഗത്തുണ്ടാവുന്ന ഓരോ കണ്ടെത്തലകളും നിരീശ്വരവാദത്തെ തകര്‍ക്കുന്നതും വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതുമാണ്. ഇക്കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള വിവരംപോലും ഇന്നത്തെ നിരീശ്വരവാദികള്‍ക്കില്ല എന്നതാണ് യാഥാര്‍ഥ്യം. ഇതിന് കാരണമുണ്ട്. 1970 കളിലും 80 കളിലും കേരളത്തില്‍ ഉന്നതവിദ്യാഭ്യാസം നേടിയവരില്‍ ഏറെപ്പേരും ഭൌതികവാദത്തോട് ആഭിമുഖ്യമുള്ളവരായിരുന്നു. യുക്തിവാദ പ്രസ്ഥാനങ്ങള്‍ അക്കാലത്ത് സജീവവുമായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതിയോ? ഒരു പ്രദേശത്ത് ഇരുപത്തഞ്ച് ഡോക്ടര്‍മാരുണ്ടെങ്കില്‍ അവരില്‍ ഒന്നോ രണ്ടോ പേര്‍ നിരീശ്വരവാദികളായേക്കാം. പുതിയതലമുറയില്‍ ഉന്നതവിദ്യാഭ്യാസക്കാരില്‍ അത്തരക്കാരെ കണ്ടുകിട്ടാന്‍ പ്രയാസമായിരിക്കും. ലോകത്തിന്റെ പൊതുവായ ഗതിയിതാണ്. 1960കളിലും 70 കളിലും ഭൌതിക വിവരങ്ങള്‍ ഏറെ നേടിയവര്‍ നിരീശ്വരവാദികളായിരുന്നുവെങ്കില്‍ ഇന്ന് സാമാന്യേന വിവരം കുറഞ്ഞവനായിരിക്കും നിരീശ്വരവാദി.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ശാസ്ത്രം നിരീശ്വരവാദത്തെ സാധൂകരിക്കുന്ന വിധത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. എന്നാല്‍ ഫിസിക്സിലുണ്ടായ വലിയൊരു വിപ്ളവമായിരുന്നു ആറ്റത്തിനേക്കാള്‍ ചെറുതായ സബ് ആറ്റമിക് കണങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍. സൂക്ഷ്മ പ്രപഞ്ചം (microcosm) എന്ന് വിളിക്കപ്പെട്ട ഈ മേഖലയിലുണ്ടായ ആശ്ചര്യകരമായ ഗവേഷണങ്ങള്‍ (Quantum mechanics) വലിയൊരു വിഭാഗം ശാസ്ത്രജ്ഞരെ വരണ്ട ഭൌതികവാദത്തില്‍നിന്നും രക്ഷപ്പെടാന്‍ സഹായിച്ചു. ആധുനികതയുടെ അടിസ്ഥാന സങ്കല്‍പങ്ങള്‍ അതോടെ തകര്‍ന്നുവീണു. ഭൌതികവാദം കയ്യൊഴിച്ച ഇവര്‍ ഒറ്റക്കുതിപ്പില്‍ മതവിശ്വാസത്തിലെത്താന്‍ സാധ്യതയില്ലല്ലോ. എങ്കിലും ഭൌതികവാദത്തേക്കാള്‍ മതത്തോട് അവര്‍ കൂടുതല്‍ അടുത്തു. ഇതിന്റെ ഫലമായി പ്രവാചകന്മാരെയും വേദഗ്രന്ഥങ്ങളെയും മനുഷ്യരാശിയുടെ ഇഹപരവിജയത്തിനായി അയച്ച സാക്ഷാല്‍ ദൈവത്തില്‍ അവരെത്തിയില്ലെങ്കിലും പ്രപഞ്ചാതീതമായ ശക്തിയുണ്ടെന്ന വിശ്വാസത്തില്‍ അവരെത്തി. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ മതാതീതമായ നിഗൂഢവാദം പ്രചരിച്ചതിന്റെ പശ്ചാത്തലമിതാണ്. മതങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ദൈവസങ്കല്‍പത്തിലേക്കും അനുഷ്ഠാനങ്ങളിലേക്കും പിന്നെയും ദൂരമുണ്ടെങ്കില്‍പോലും ഭൌതിക നിരീശ്വരവാദങ്ങളെ അവര്‍ തിരസ്ക്കരിച്ചുവെന്നത് കാണാതിരുന്നുകൂടാ. ഭൌതികവാദത്തെ വ്യക്തമായും തള്ളിപ്പറഞ്ഞ നിരവധി ശാസ്ത്രജ്ഞരുണ്ട്. അവരുടെ ചിന്തകള്‍ ഇവിടെ അവതരിപ്പിക്കുന്നില്ല. പകരം ഡോക്കിന്‍സിന്റെ ഇതു സംബന്ധമായ ചില വാദങ്ങള്‍ പരിശോധിക്കാം.
ശാസ്ത്രത്തിന്റെ പ്രകൃതിബോധം

ശാസ്ത്രത്തിന്റെ പുരോഗതി മതവിശ്വാസത്തിലേക്ക് നീങ്ങാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. എന്നാല്‍ നിരീശ്വരവാദിക്ക് ഇതംഗീകരിക്കാനാവില്ല. അതിനാല്‍ ശാസ്ത്രത്തിന്റെ ഈ മതാഭിമുഖ്യത്തെ എങ്ങനെയെങ്കിലും ദുര്‍വ്യാഖ്യാനിക്കാന്‍ നിരീശ്വരവാദി നിര്‍ബ്ബന്ധിതനാണ്. ഗ്രന്ഥകാരന്‍ എഴുതുന്നു: "ശാസ്ത്രലോകം കണ്ടെത്തിയ പ്രകൃതിബോധം അല്ലെങ്കില്‍ പ്രപഞ്ചവീക്ഷണം പരമ്പരാഗതമായ മതവിശ്വാസവുമായി പുലബന്ധം പോലുമില്ലാത്തതാണ്. പ്രകൃതിയെക്കുറിച്ച് കൂടുതലറിയുന്ന മനുഷ്യനില്‍ സ്വന്തം നിസ്സാരതയും അസ്തിത്വബോധവും ബൌദ്ധികമായ അസ്വസ്ഥതകളുണര്‍ത്തും. നിലവിലുള്ള മതസങ്കല്‍പങ്ങള്‍ക്ക് തീര്‍ത്തും കടകവിരുദ്ധമാണത്''.(176)
ഒന്നാമതായി, ഇത്തരം കാര്യങ്ങളെ സൂക്ഷ്മമായി വിലയിരുത്താന്‍ ഉപരിപ്ളവമായ വിവരം മതിയാവില്ല. ഡോക്കിന്‍സിന്റെ ഒരു പുസ്തകത്തെ ആധാരമാക്കി മലയാളത്തില്‍ മറ്റൊരു പുസ്തകം തയ്യാറാക്കുന്നതു പോലെ ആശയങ്ങള്‍ പരാവര്‍ത്തനം ചെയ്യാന്‍മാത്രം ശീലിച്ചതുകൊണ്ടുമായില്ല.
മതം എന്തുപറയുന്നുവെന്നും ശാസ്ത്രം എന്ത് കണ്ടെത്തിയെന്നും വ്യക്തമായി മനസ്സിലാക്കാതെയാണ് ഗ്രന്ഥകാരന്‍ മേല്‍ വരികള്‍ കുറിച്ചിട്ടുള്ളത്.
രണ്ടാമതായി, ഭൌതികവാദാധിഷ്ഠിതമായിരുന്ന ആധുനികശാസ്ത്രം മനുഷ്യന്‍ നിസ്സാരനാണെന്നല്ല, അതിമാനുഷനാണെന്നാണ് പഠിപ്പിച്ചത്. പ്രകൃതിയെയും പ്രപഞ്ചത്തെയും കീഴടക്കാന്‍ ഒരു കാലത്ത് കഴിയും എന്ന അഹന്തയാണ് അതവനില്‍ സൃഷ്ടിച്ചത്. പ്രകൃതിയെ കീഴടക്കാനും പ്രപഞ്ചത്തെക്കുറിച്ച് എല്ലാം അറിയാനും ഒരു കാലത്ത് സാധിക്കും എന്ന് വമ്പു പറഞ്ഞവരായിരുന്നു ശാസ്ത്രജ്ഞര്‍. ഇന്ന് ഇത്തരക്കാരെ മേമ്പൊടിക്കു പോലും ലഭ്യമല്ല. എന്നാല്‍ മതങ്ങള്‍ എന്താണ് പഠിപ്പിച്ചത്? മനുഷ്യന്‍ നിസ്സാരനാണ്. ദൈവത്തിന്റെ, ഉല്‍കൃഷ്ടനെങ്കിലും നിസ്സാരനായ സൃഷ്ടി. ദൈവ വിധിക്ക് വിശാലമായ അര്‍ഥത്തില്‍ വിധേയനായവന്‍, മനുഷ്യന് അല്പം മാത്രമേ വിജ്ഞാനം നേടാനാവൂ എന്ന് മതങ്ങള്‍ വ്യക്തമായും പഠിപ്പിച്ചു. മനുഷ്യന്‍ കഴിവിലും ജ്ഞാനത്തിലും നിസ്സാരനാണെന്ന വീക്ഷണത്തിലേക്ക് ആധുനികാനന്തര ശാസ്ത്രവും എത്തിച്ചേര്‍ന്നിട്ടുണ്ട്. ശാസ്ത്രം എത്തിച്ചേര്‍ന്ന മനുഷ്യന്റെ 'നിസ്സാരത' എന്ന ആശയം മതത്തിലില്ലെന്നത് പരമവിഡ്ഢിത്തമാണ്.
അസ്തിത്വബോധമോ? മനുഷ്യന്‍ മറ്റൊരു മൃഗംമാത്രമാണെന്ന് പഠിപ്പിച്ച ആധുനിക പരിണാമശാസ്ത്രത്തില്‍ മനുഷ്യന് തനതായ അസ്തിത്വമോ വ്യക്തിത്വമോ ഒട്ടുംതന്നെയില്ല. ഗ്രന്ഥകാരന്റെ വാക്കുകള്‍ നോക്കൂ: "പരിണാമ സിദ്ധാന്തമനുസരിച്ച് ഹോമോസാപ്പിയന്‍സിന്റെ കോശങ്ങള്‍ക്ക് മാത്രം പ്രത്യേക പരിഗണന നല്‍കുന്നത് ശരിയല്ല... ഒരു കോശത്തിന് മനുഷ്യപദവി നല്കുന്നതുപോലും പരിണാമസിദ്ധാന്തമനുസരിച്ച് എളുപ്പമല്ല.''(177)
മനുഷ്യനെ മറ്റൊരു മൃഗമായി കാണാന്‍ പഠിപ്പിക്കുന്ന നിരീശ്വരവാദികള്‍ക്ക് അസ്തിത്വബോധമുണ്ടായി എന്ന് പറയുന്നത് കാളക്കും പോത്തിനും വസ്ത്രം ധരിക്കാത്തതിനാല്‍ ലജ്ജയുണ്ടായി എന്ന് പറയുന്നതുപോലെയാണ്!
ആധുനികശാസ്ത്ര സംസ്കാരത്തിന്റെ സ്വാധീനത്തില്‍ വളര്‍ന്ന പാശ്ചാത്യര്‍ക്ക് അസ്തിത്വബോധമുണ്ടായത് ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആണവബോംബുകള്‍ വര്‍ഷിച്ച് ലക്ഷങ്ങളെ കൊന്നൊടുക്കിയ ശേഷമാണ്. രണ്ടാം ലോകയുദ്ധത്തിന് ശേഷമാണ് പാശ്ചാത്യലോകത്ത് അസ്തിത്വവാദപ്രസ്ഥാനങ്ങള്‍ സജീവമായത്.
എന്നാല്‍ മനുഷ്യന്‍ ദൈവത്തിന്റെ സവിശേഷ സൃഷ്ടിയാണെന്നും ഇരുപത്ലക്ഷത്തിലേറെ ജീവജാതികളുള്ളതില്‍ ആത്മാവ് സന്നിവേശിക്കപ്പെട്ട ഏക സൃഷ്ടി മനുഷ്യന്‍മാത്രമാണെന്നും മതം പഠിപ്പിച്ചു. മനുഷ്യന് സവിശേഷ അസ്തിത്വവും വ്യക്തിത്വവും ഉണ്ടെന്ന് പഠിപ്പിച്ച മതത്തോടാണോ മനുഷ്യന്‍ മറ്റൊരുമൃഗം മാത്രമാണെന്ന് പ്രഖ്യാപിച്ച നിരീശ്വവാദത്തോടാണോ ഉത്തരാധുനികശാസ്ത്രം കൂടുതല്‍ അടുത്തു നില്‍ക്കുന്നത്? ശാസ്ത്രലോകം കണ്ടെത്തിയ പ്രകൃതിബോധം മനുഷ്യനില്‍ അസ്തിത്വബോധം ഉണര്‍ത്തുന്നുവെന്ന ഗ്രന്ഥകാരന്റെ വാദം മതവീക്ഷണത്തെ ശാസ്ത്രം സ്ഥിരീകരിച്ചുവെന്നാണ് തെളിയിക്കുന്നത്.
ബൌദ്ധികമായ അസ്വസ്ഥതകളോ? പ്രപഞ്ചം പദാര്‍ഥനിര്‍മ്മിതമാണെന്നും പദാര്‍ഥമല്ലാത്ത മറ്റൊരു യാഥാര്‍ഥ്യങ്ങളുമില്ലെന്നും തറപ്പിച്ച് പറയുന്ന നിരീശ്വരവാദത്തില്‍ ബൌദ്ധികമായ അസ്വസ്ഥതകള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്? പദാര്‍ഥമല്ലാത്ത മറ്റെല്ലാ യാഥാര്‍ഥ്യങ്ങളെയും കണ്ണടച്ച് നിഷേധിക്കുന്ന യാഥാസ്ഥിതികനായ നിരീശ്വരവാദിക്ക് അന്വേഷിക്കാനോ കണ്ടെത്താനോ പദാര്‍ഥലോകമല്ലാതെ മറ്റൊരിടവുമില്ല.
എന്നാല്‍ മതവിശ്വാസിയുടെ ലോകം പദാര്‍ഥലോകത്തേക്കാള്‍ എത്രയോ വിശാലമാണ്. പദാര്‍ഥത്തിന്റെ വിശദീകരണംപോലും പദാര്‍ഥത്തില്‍ ഒതുങ്ങുന്നതല്ലെന്നും പദാര്‍ഥത്തിനപ്പുറം യാഥാര്‍ഥ്യത്തിന്റേതായ നിരവധി അജ്ഞാതമേഖലകളുണ്ടെന്നും കരുതുന്ന ഒരാള്‍ക്കല്ലേ ബൌദ്ധികമായ അസ്വസ്ഥതകളുണ്ടാവൂ? ചുരുക്കത്തില്‍, മനുഷ്യന്‍ നിസ്സാരനാണെന്നും മനുഷ്യന് സവിശേഷ അസ്തിത്വമുണ്ടെന്നും പദാര്‍ഥത്തിനപ്പുറം നിരവധി യാഥാര്‍ഥ്യങ്ങളുണ്ടെന്നും പഠിപ്പിച്ചത് മതമാണ്. ശാസ്ത്രം സൃഷ്ടിച്ച പ്രകൃതിബോധം ഇതിനെ സ്ഥിരീകരിക്കുകയാണ്.
"എല്ലാം ദൈവമുണ്ടാക്കിയതെന്ന് ആദ്യമേ തീരുമാനിച്ചു കഴിഞ്ഞാല്‍പിന്നെ മനുഷ്യന്‍ ഒന്നും അന്വേഷിക്കേണ്ടതില്ലെന്ന അവസ്ഥ ഉണ്ടാകും'' എന്നും ചരിത്രബോധം അശേഷമില്ലാതെ ഗ്രന്ഥകാരന്‍ തട്ടിവിടുന്നു. പ്രാചീനകാലം മുതല്‍ വിവിധ സംസ്കാരങ്ങളിലായി ആയിരക്കണക്കിന് കണ്ടുപിടുത്തങ്ങള്‍ നടത്തിയത് ദൈവവിശ്വാസികള്‍ തന്നെയായിരുന്നു. മനുഷ്യന്‍ തീ കണ്ടെത്തിയതും കൃഷി കണ്ടെത്തിയതും തുടങ്ങി ആധുനികകാലത്തെ വ്യവസായികനാഗരികതക്ക് അടിത്തറയിടുവാന്‍വരെ ദൈവവിശ്വാസികളായിരുന്നു. നിരീശ്വരവാദാധിഷ്ഠിതമായ ഒരു ഭൌതിക സംസ്കാരം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍പോലും ചരിത്രത്തിലുണ്ടായിട്ടില്ല. പിന്നെയല്ലേ നിരീശ്വരശാസ്ത്രവും സാങ്കേതികവിദ്യയും! ഇതാണ് യാഥാര്‍ഥ്യമെങ്കിലും ശാസ്ത്രവും പ്രകൃതിനിരീക്ഷണവും ആരംഭിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിലെ ഏതോ നിരീശ്വരവാദിയാണ് എന്ന മട്ടിലാണ് ഗ്രന്ഥകാരന്റെ അവകാശവാദങ്ങള്‍. ശാസ്ത്രവും മതവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഗ്രന്ഥകാരനുള്ള ധാരണയത്രയും ഇന്നത്തെ ശാസ്ത്ര ചരിത്രകാരന്മാര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.
ഈജിപ്ഷ്യന്‍, ബാബിലോണിയന്‍, ഗ്രീക്ക്, ഇസ്ലാമിക, ഇന്ത്യന്‍, ചൈനീസ്, അമേരിക്കന്‍ നാഗരികതകളിലെല്ലാം പ്രാചീന-മധ്യകാലങ്ങളില്‍ ശാസ്ത്ര-സാങ്കേതിക സംസ്ക്കാരങ്ങളുണ്ടായിരുന്നു. ഇവ സംബന്ധമായി ഒട്ടേറെ പഠനങ്ങളും നടത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാലത്തെ നിരീശ്വരവാദികള്‍ 19ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ധാരണകളുടെ അടിമകളായതിനാല്‍ ഇത്തരം ഗവേഷണഫലങ്ങളെപ്പറ്റി അജ്ഞരാണ്. സാമ്പിളായി ചൈനീസ് ശാസ്ത്ര-സാങ്കേതിക സംസ്ക്കാരത്തെപ്പറ്റി പ്രസിദ്ധീകൃതമായ ബൃഹദ് വോള്യങ്ങളുടെ ശീര്‍ഷകങ്ങള്‍ മാത്രം നല്‍കാം. ബ്രിട്ടീഷ് ബയോകെമിസ്റും ചൈനീസ് ഗവേഷകനുമായിരുന്ന ജോസഫ്നീഥാം തുടക്കം കുറിച്ചതും ക്രിസ്റഫര്‍ക്കുള്ളന്‍ തുടരുന്നതുമായ ഈ പ്രൊജക്റ്റില്‍ താഴെപറയുന്ന വോള്യങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
Science and Civilzation in China (27 Volumes)
(Cambridge University Press)
Vol: 1. Introductory Orientation
2. History of Scientific Thought
3. Mathematics and Sciences of Heavens and the Earth
4. Physics and Physical Technology
Part 1 - Physics
2 - Mecahnical Engineering
3 - Civil Engineering and Nautics
5. Chemisty and Chemical Technology
Part 1 - Paper and Printing
2 - Spagirical Discovery and
Invention: Megesteries of Gold
and Immortality
3 - Historical Survey from China
4 - Apparatus, Theories, Gifts
5 - Physiological Alchemy
6 - Military Technology: Mis
siles and Sieges
7 - The Gunpower Epic
8 - The Gunpower Epic
9 - Textile Technology : Spin
ning and Reeling
10- Textile Technology : Spin
ning and Reeling
11- Ferrous Metalurgy
12- Ceramic Technology
13- Mining
Volume VI - Biology and Biological Technology
Part 1 - Botany
2 - Agriculture
3 - Agroindustries and Forestry
4 - Agroindustries and Forestry
5- Formentations and Food Sci
ence
6 - Medicine
Volume VII The Social Background
Part 1 - Language and Logic
2 - General Conclusions and
Reflections.
തിട്ടപ്പെടുത്താനാകാത്ത വിധം വിപുലമായ ഇത്തരം കണ്ടെത്തലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരൊന്നും നിരീശ്വരവാദികളായിരുന്നില്ല. ഇസ്ലാമിക ശാസ്ത്രത്തെപ്പറ്റിയുള്ള ആധുനിക ഗവേഷകരുടെ കൃതികള്‍ താഴെ സൂചിപ്പിക്കാം.
Donald Hill എഴുതിയ Islamic Science and Engineering, (Ediriburgh University Press: 1993), Haward Turner എഴുതിയ Science in Medieval Islam (Unive-rsity of Texas Press :1997) Donald Hill ഉം Ahmed Hassan ഉം എഴുതിയ Islamic Technology : An Illustrated History (Cambrid-ge University Press : 1986)
ഉത്തരാധുനികശാസ്ത്രം സൃഷ്ടിച്ച പ്രകൃതി ബോധം നിരീശ്വരവാദത്തിന്റെ കൂടപ്പിറപ്പാണെന്ന് വരുത്താന്‍ ഡോക്കിന്‍സുമാര്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ഗ്രന്ഥകാരന്റെ ഈ വിവരണം നോക്കൂ: "പ്രകൃതിപക്ഷപാതിത്വവും (Naturalism) അതീന്ദ്രീയവാദവും (Supernat-uralism) ഒന്നല്ല. ഒരു നിരീശ്വരവാദിക്ക് പ്രകൃതിയോട് അനുപമമായ ആരാധനയാണുണ്ടാവുക.''(178) ഇത്തരം കെട്ടുകഥകള്‍ നിര്‍മിച്ചാല്‍ പോലും നിരീശ്വരവാദത്തെ കരകയറ്റാനാവില്ല എന്ന് കൂടുതല്‍ വ്യക്തമായി വരികയാണ്. നിരീശ്വരവാദാധിഷ്ഠിതമായ വ്യവസായിക-ഭൌതികശാസ്ത്ര സംസാകാരം(?) പ്രബലമായ ശേഷമാണ് മനുഷ്യചരിത്രത്തില്‍ തുല്യതയില്ലാത്തവിധം പ്രകൃതിനശീകരണം നടന്നത്. "ഒരു നിരീശ്വരവാദിക്ക് പ്രകൃതിയോട് അനുപമമായ ആരാധനയാണുണ്ടാവുക'' എന്ന ഗ്രന്ഥകാരന്റെ നിരീക്ഷണം സാമാന്യം ഭേദപ്പെട്ട നിരീശ്വരവാദഫലിതങ്ങളിലൊന്നാണ് 'ആരാധന' എന്ന സങ്കല്‍പം തന്നെ മതപരമായ ഒന്നല്ലേ? മനുഷ്യനടക്കമുള്ള പ്രപഞ്ചത്തിലെ സകലതും ചത്തുവരണ്ട പദാര്‍ഥമാണെന്ന് വാദിക്കുന്ന നിരീശ്വരവാദി ഇപ്പോള്‍ 'ആരാധന'തുടങ്ങിയത് പുതിയ സാംസ്കാരികസാഹചര്യങ്ങലുടെ സമ്മര്‍ദ്ദം കൊണ്ടാകാം. ആധുനിക ഭൌതികസംസ്കാരം പ്രകൃതി നശീകരണവും ചൂഷണവും ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നതും പ്രകൃതിയെ 'ആരാധിക്കുക'യല്ല കീഴടക്കുകയെന്നതാണ് ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടത് എന്നതും ലളിതമായ ശാസ്ത്രചരിത്രങ്ങളാണ്. ദൈവത്തെപ്പോലും ആരാധിക്കാന്‍ മടിക്കുന്ന നിരീശ്വരവാദികള്‍ ദ്രവ്യസംഘാതമായ പ്രകൃതിയെ ആരാധിക്കാന്‍ തുടങ്ങിയത് ആശ്വാസത്തിന് വകനല്‍കുന്നു. അടുത്ത ഘട്ടം ദൈവത്തെ ആരാധിക്കലാകാം. എന്തിനെയെങ്കിലും അവര്‍ ആരാധിക്കാന്‍ തയ്യാറായല്ലോ?!
സാംസ്കാരിക ചരിത്രത്തെ പരിണാമവാദികളും നിരീശ്വരവാദികളും വ്യാഖ്യാനിക്കുന്നതുപ്രകാരം ഏറ്റവും പ്രാചീനമനുഷ്യന്‍ പ്രകൃതിയാരാധകനായിരുന്നു. കാറ്റിനും മഴക്കും മിന്നലിനും പിന്നില്‍ ഓരോ ദേവന്മാരെ സങ്കല്‍പ്പിച്ച് പ്രകൃതിയെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് പ്രാചീന മനുഷ്യര്‍ നടത്തിയതത്രെ. ഇതനുസരിച്ച് ഇപ്പോള്‍ പ്രകൃതിയെ 'ആരാധിക്കാ'ന്‍ തുടങ്ങിയിട്ടുള്ള നിരീശ്വരവാദികള്‍ പ്രാചീനമനുഷ്യന്റെ സാംസ്കാരികബോധ നിലവാരത്തിലാണെന്ന് കരുതാവുന്നതാണ്. പ്രകൃതിയാരാധനക്കുശേഷം കുറെകൂടി മനുഷ്യന്‍ വളര്‍ന്നപ്പോഴാണ് ദേവന്മാരുടെ എണ്ണം കുറഞ്ഞുവന്നതെന്നും പരിണാമശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. വീണ്ടും പുരോഗതി നേടിയപ്പോഴാണെത്രെ മനുഷ്യര്‍ സര്‍വ്വശക്തനായ ദൈവം എന്ന വിശ്വാസത്തിലെത്തിയത്. അതിനാല്‍ മതപരിണാമത്തെപ്പറ്റിയുള്ള പരിണാമശാസ്ത്രജ്ഞരുടെ തന്നെ വിലയിരുത്തല്‍ പ്രകാരം പ്രകൃതിയെ ആരാധിക്കുന്നവര്‍ ഏറ്റവും താഴ്ന്ന മാനസികഘടനയുള്ളവരായിരിക്കും. പിന്നെയും മനുഷ്യന്‍ പുരോഗതി നേടിയപ്പോഴാണ് അസംഖ്യം ദേവന്മാരുണ്ടായത്. വീണ്ടും മാനസിക വളര്‍ച്ച നേടിയപ്പോഴാണ് സര്‍വ്വശക്തനായ ദൈവം എന്ന സങ്കല്‍പ്പമുണ്ടായതെത്രെ. പക്ഷേ, ദൈവത്തെപ്പറ്റിയുള്ള സാംസ്കാരിക പരിണാമശാസ്ത്രജ്ഞരുടെ ഈ കാഴ്ചപ്പാടുകള്‍ ഡോക്കിന്‍സിന് അറിയില്ല എന്നുവേണം കരുതാന്‍. ഗ്രന്ഥകാരന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "ബഹുദൈവവിശ്വാസത്തില്‍നിന്ന് ഏകദൈവവിശ്വാസത്തിലേക്കുള്ള മാറ്റം വലിയ പുരോഗമനമാണെന്ന് പലരും പ്രസ്താവിച്ചുകാണാറുണ്ട്. പക്ഷേ, അത്തരത്തിലുള്ള എന്തു മഹത്വമാണ് ഏകദൈവവിശ്വാസത്തിനുള്ളതെന്ന് മനസ്സിലാകുന്നില്ലെന്ന് ഡോക്കിന്‍സ് പറയുന്നു.''(179)
മനസ്സിലാകണമെങ്കില്‍ സാംസ്കാരിക പരിണാമത്തെപ്പറ്റി എന്തെങ്കിലും അറിയണ്ടേ? ഏതായാലും ആചാര്യനെന്നപ്പോലെ ശിഷ്യനും ഇക്കാര്യം മനസ്സിലായിട്ടില്ലാത്തതിനാല്‍ മലയാളത്തിലെ പരിണാമ സാഹിത്യത്തില്‍നിന്നും പ്രസക്തമായ ഭാഗങ്ങള്‍ ഹാജറാക്കാം. മലയാളത്തിലെ പ്രമുഖ പരിണാമ സാഹിത്യകാരനായ പ്രൊഫ: കുഞ്ഞുണ്ണിവര്‍മ എഴുതി: "സൃഷ്ടി എന്ന ആശയം അത് ഉന്നയിക്കപ്പെട്ട കാലത്തെ പശ്ചാത്തലത്തില്‍ ഒരു പുരോഗമനാത്മകമായ ആശയമായിരുന്നു എന്ന് പറയാം. അക്കാലത്ത് പൊതുവെ സ്വീകരിക്കപ്പെട്ടിരുന്നത് ഭൂമിയുടെ ചരിത്രത്തില്‍ ചാക്രികമായ ആവര്‍ത്തനമുണ്ടായിട്ടുണ്ടെന്ന വിശ്വാസമാണ് (ഹിന്ദുമതത്തിലെ നാലു കല്‍പങ്ങള്‍ എന്ന ആശയത്തിലും ചാക്രികമായ ആവര്‍ത്തനമാണല്ലോ ഉള്ളത്.) ചാക്രികമായ ചരിത്രത്തിന് തുടക്കവും അവസാനവും ഇല്ലെന്ന് ശ്രദ്ധിക്കുക. ഇതിന് വിരുദ്ധമായാണ് ലോകത്തിന് ഒരു തുടക്കവും, വികാസവും, നിറവേറ്റലും ഉണ്ടെന്ന ഉല്‍പത്തിപുരാണത്തിലെ വാദം. പരിണാമവിധേയമാണ് പ്രപഞ്ചം എന്ന ആധുനികസങ്കല്‍പ്പം ചാക്രികമായി ആവര്‍ത്തിക്കുന്ന ചരിത്രത്തോടല്ല, സൃഷ്ടിവാദം വിഭാവനം ചെയ്യുന്ന വിധത്തിലുള്ള ചരിത്രത്തോടാണ് കൂടുതല്‍ അടുത്തു നില്‍ക്കുന്നത്''(180)
എല്ലാ അന്ധവിശ്വാസങ്ങളും ഒരുപോലെയല്ലെന്നും ചിലത് കൂടുതല്‍ പുരോഗമനാത്മകമാണെന്നും ഗ്രന്ഥകാരന് മനസ്സിലായിക്കാണും. പക്ഷേ തുറന്നുസമ്മതിക്കുക എന്നത് മറ്റൊരു കാര്യമാണല്ലോ!
പ്രകൃതിയില്‍തന്നെ ദൈവികത അടങ്ങിയിട്ടുണ്ടെന്ന വിശ്വാസമാണ് 'പാന്‍തീസം'. ഗ്രന്ഥകാരന്‍ ഇതെപ്പറ്റി എഴുതുന്നു: "പ്രകൃതി ദൈവവിശ്വാസിക്ക് (Pantheist) പ്രകൃതി തന്നെയാണ് ദൈവം. ഇവിടെ ദൈവം എന്നത് അതിഭൌതികമോ അതീന്ദ്രിയമോ അല്ല. തികച്ചും ഭൌതികപരമായ ഒരു കാഴ്ചപ്പാടാണത്. 'പ്രകൃതി ദൈവം' ഒരിക്കലും പ്രാര്‍ഥനയോ കുമ്പസാരമോ കൈക്കൊള്ളുന്നില്ല; മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നുമില്ല. അത് പ്രകൃതിയെപ്പോലെ നിസ്സംഗവും നിര്‍വികാരവുമാണ്. അതിന്റെ ഉദാത്തതയെയും സൌന്ദര്യത്തെയും ഉപാസിക്കുകയാണ് 'പ്രകൃതി ദൈവവിശ്വാസി' (Panthaist) ചെയ്യുന്നത്. ഇത് വാസ്തവത്തില്‍ നിരീശ്വവാദത്തോട് വളരെ അടുത്ത് നില്‍ക്കുന്ന ഭൌതിക വീക്ഷണമാണ്.''(181)
നിരീശ്വരവാദത്തില്‍നിന്നും അല്പം കൂടി മനുഷ്യന്‍ മാനസികമായി വളര്‍ന്നാല്‍ പ്രകൃതിയാരാധനയിലെത്തുമെന്നും വീണ്ടും വളര്‍ന്നാല്‍ ബഹു ദൈവത്വത്തിലെത്തുമെന്നും പിന്നെയും വളര്‍ന്നാല്‍ ഏകദൈവത്വത്തിലെത്തുമെന്നും മുമ്പ് സൂചിപ്പിച്ചതിന്റെ സ്ഥിരീകരണമല്ലേ ഇത്? ദൈവവിശ്വാസങ്ങളില്‍ ഏറ്റവും പ്രാകൃതമായത് പാന്‍തീസമാണ്. പ്രകൃതിക്കുതന്നെയും ഏതോതരം ജീവനുണ്ടെന്ന പ്രാകൃതമനുഷ്യന്റെ ധാരണയാണ് ഇതിനടിസ്ഥാനം. സൃഷ്ടിയായ പ്രകൃതിയെയും സ്രഷ്ടാവായ ദൈവത്തെയും വേര്‍തിരിച്ചു ഗ്രഹിക്കാന്‍മാത്രം മനുഷ്യന്റെ ഗ്രഹണശേഷി വളരാത്ത കാലത്താണ് പാന്‍തീസമുണ്ടായതെന്ന് സാംസ്കാരികപരിണാമശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. പരിണാമവാദിയായ പ്രൊഫ: കുഞ്ഞുണ്ണിവര്‍മ്മ സൃഷ്ടിവാദത്തെ വിമര്‍ശിക്കുന്ന ഒരു കൃതിയില്‍ ഇങ്ങനെ എഴുതുകയുണ്ടായി: "മറ്റൊരു വിധത്തിലും സൃഷ്ടിവാദം അതുന്നയിക്കപ്പെട്ട കാലത്തിന്റെ പശ്ചാത്തലത്തില്‍ പുരോഗമനാത്മകമായിരുന്നു. അത് സ്രഷ്ടാവിനേയും സൃഷ്ടിയേയും (അതായത്, സൃഷ്ടിക്കപ്പെട്ട വസ്തുക്കളെ) വളരെ വേര്‍തിരിച്ചുതന്നെ കാണിച്ചു എന്ന വസ്തുതയാണ് ഇവിടെ വിവക്ഷിക്കുന്നത്. പ്രകൃതിയിലെല്ലാം ദൈവാംശം അടങ്ങിയിട്ടുണ്ടെന്നതായിരുന്നു അന്ന് പരക്കെ നിലവിലുണ്ടായിരുന്ന വിശ്വാസം. ഇതിന് വിരുദ്ധമായി പ്രകൃതിയും ദൈവവും രണ്ടാണ് എന്ന ദ്വൈതമനോഭാവമാണ് സൃഷ്ടിവാദം ആശ്രയിച്ചത്. തനതായ നിയമങ്ങള്‍ക്കനുസരിച്ച് അനുസ്യൂതമായി പ്രവര്‍ത്തിക്കുന്ന പദാര്‍ഥമണ്ഡലമാണ് പ്രകൃതി എന്ന വിശ്വാസം ജനിപ്പിച്ചത് ഈ മനോഭാവമാണ്. പ്രകൃതിയെ വസ്തുനിഷ്ഠമായി പഠിപ്പിക്കുവാന്‍ പ്രേരിപ്പിച്ചതും ഇതുതന്നെയാണ്. ആധുനികഭാഷ ഉപയോഗിച്ചു പറഞ്ഞാല്‍, സൃഷ്ടിവാദം മനുഷ്യന്റെ പ്രകൃതിയോടുള്ള മനോഭാവത്തെ മതേതരമാക്കി (Secular).''(182)
ചുരുക്കത്തില്‍ പ്രകൃതി ശാസ്ത്രപഠനങ്ങള്‍ വികസിക്കാനുള്ള കാരണം പാന്‍തീസത്തില്‍നിന്നും തീയിസ (Theism)ത്തിലേക്ക് മനുഷ്യര്‍ പുരോഗമിച്ചതുകൊണ്ടാണ്. സാംസ്കാരിക പരിണാമവാദം ഗ്രഹിച്ചിരുന്നുവെങ്കില്‍ മറിച്ച് വാദിക്കുമായിരുന്നില്ല. അഥവാ ഇതൊന്നും സ്വീകാര്യമല്ലെങ്കില്‍ കാര്യകാരണസഹിതം എന്തുകൊണ്ടെന്ന് വ്യക്തമാക്കാനുള്ള ബാധ്യതയും ഗ്രന്ഥകാരനാണ്.
പ്രമുഖ അമേരിക്കന്‍ പരിണാമ മനശാസ്ത്രജ്ഞനായ ഡോ: റോബര്‍ട്ട്റൈറ്റ് അടുത്ത കാലത്ത് രചിച്ച 'ദൈവത്തിന്റെ പരിണാമം' (The Evolution of God) ഇത്തരമൊരു കൃതിയാണ്.(183)
(തുടരും)

Reference:
153. Richard Dawkins, The God Delusim, P.5
154. പേജ് 27
155. പേജ് 27
156. പേജ് 154
157. പേജ് 75
158. പേജ് 100
159. പേജ് 100
160. പേജ് 101
161. പേജ് 389
162. പേജ് 389
163. പേജ് 390
164. പേജ് 188
165. പേജ് 26
166. വിശദാംശങ്ങള്‍ക്ക് Paul Zuckermanന്റെ പഠനം ‘ëAtheism:Contemporary Rates and Patternsí, Cambridge Companion to Atheism, Ed: Michael Martin (Uambridge University Press) 2005
167. പേജുകള്‍ 200-201
168. പേജ് 26
169. പേജ് 16
170. പേജ് 18
171. പേജ് 25
172. പേജ് 27
173. പേജുകള്‍ 62-63
174. പേജ് 18
175. പേജ് 465
176. പേജ് 29
177. പേജ് 336
178. പേജ് 31
179. പേജ് 52
180. കുഞ്ഞുണ്ണിവര്‍മ, ശാസ്ത്രീയസൃഷ്ടിവാദം (കേരള ശാസ്ത്ര സാഹിത്യപരിഷത്ത്) പേജുകള്‍ 103-104
181. പേജ് 37
182. ശാസ്ത്രീയ സൃഷ്ടിവാദം, പേജ് 104
183. Robert Right, The Evolution of God, Review by Andrew Sullivan, The Sunday Times, 10 may 2009.

No comments: